കൊല്ലത്തെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിനി സ്‌കൂളിന്റെ മൂന്നാംനിലയില്‍നിന്നു ചാടി മരിച്ച സംഭവം; പ്രതികളായ അധ്യാപികമാരെ വെറുതെ വിട്ടു കോടതി
കൊല്ലത്തെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിനി സ്‌കൂളിന്റെ മൂന്നാംനിലയില്‍നിന്നു ചാടി മരിച്ച സംഭവം; പ്രതികളായ അധ്യാപികമാരെ വെറുതെ വിട്ടു കോടതി
കൊല്ലം: നഗരത്തിലെ പ്രമുഖ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളിന്റെ മൂന്നാംനിലയില്‍നിന്നു ചാടി മരിച്ച കേസിലെ പ്രതികളായ അധ്യാപികമാരായ കോടതി വെറുതെ വിട്ടു. അധ്യാപികമാരായ സിന്ധുപോള്‍, ക്രസന്‍സ് നാവിസ് എന്നിവരെയാണ് കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതേവിട്ടത്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍.വിനോദാണ് വിധി പറഞ്ഞത്.
2017 ഒക്ടോബര്‍ 20-നാണ് കേസിനാസ്പദമായ സംഭവം. കുട്ടി ചാടി മരിച്ചത് അധ്യാപികമാരുടെ പീഡനവും ആത്മഹത്യാപ്രേരണയുംകൊണ്ടാണെന്ന് ആരോപിച്ചാണ് കൊല്ലം വെസ്റ്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാംപ്രതി സിന്ധുപോള്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. തന്റെ വീട്ടില്‍ കുട്ടി ട്യൂഷനു വരുന്നില്ലെന്നതാണ് രണ്ടാംപ്രതി ക്രസന്‍സിന് കുട്ടിയോടുള്ള വിരോധത്തിനു കാരണമായി പറഞ്ഞത്.
സംഭവ ദിവസം പെണ്‍കുട്ടിയുടെ ഇളയ സഹോദരിയായ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസില്‍ സംസാരിച്ചതിന് അധ്യാപിക ആണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തിയിരുന്നു. ഇതിനെ പെണ്‍കുട്ടി ചോദ്യംചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഒന്നാംപ്രതി സിന്ധുപോള്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സംഭവദിവസം ഒന്നാംപ്രതി കുട്ടിയെ ക്ലാസില്‍നിന്ന് വിളിച്ചിറക്കി ശകാരിച്ചശേഷം പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയതിലുള്ള മാനസികവിഷമത്താല്‍ കുട്ടി സ്‌കൂളിലെ പ്രൈമറിവിഭാഗത്തിലെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്കു ചാടിയെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. പരിക്കുപറ്റി ചികിത്സയിലിരിക്കെ 2017 ഒക്ടോബര്‍ 23-ന് കുട്ടി മരിച്ചു.
എന്നാല്‍, ആത്മഹത്യ ചെയ്ത കുട്ടി സഹോദരിയുടെ ക്ലാസില്‍ ചെന്ന് ആ ക്ലാസിലെ കുട്ടികളുമായി വഴക്കുകൂടിയെന്നും അത് ആവര്‍ത്തിക്കരുതെന്ന് അധ്യാപികമാര്‍ കുട്ടികളെ ഉപദേശിച്ചിരുന്നെന്നും പ്രതിഭാഗം വാദിച്ചു. ആത്മഹത്യാശ്രമം നടത്തിയ ദിവസം ഉച്ചഭക്ഷണസമയത്ത് സഹോദരിയുടെ ക്ലാസിലെ ഒരു പെണ്‍കുട്ടിയുമായി വഴക്കുണ്ടാകുകയും തുടര്‍ന്ന് ഇരുക്ലാസിലെയും കുട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. ഇതറിഞ്ഞ് അവിടെയെത്തിയ ഒന്നാംപ്രതി തന്റെ ക്ലാസിലെ കുട്ടികളെ പിരിച്ചയച്ച ശേഷം ഈ കുട്ടിയെ പ്രിന്‍സിപ്പലിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്നായിരുന്നു അധ്യാപികമാരുടെ വാദം. വഴിയില്‍വെച്ച് വഴുതിമാറി ചാടുകയായിരുന്നു.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ, സ്‌കൂളിലെ സി.സി.ടി.വി.ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സംഭവദിവസം ഇരുക്ലാസിലെയും കുട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. കുറ്റപത്രത്തില്‍ ആരോപിക്കുന്ന പ്രേരണാകുറ്റം, കൂട്ടുത്തരവാദിത്വം, കുട്ടികളോടുള്ള ക്രൂരത എന്നിവ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നു കോടതി നിരീക്ഷിച്ചു. പ്രതികളായ അധ്യാപികമാര്‍ക്കുവേണ്ടി അഭിഭാഷകരായ ജി.മോഹന്‍രാജ്, ബി.അഖില്‍, അഭിജയ്, കിരണ്‍രാജ് എന്നിവര്‍ ഹാജരായി.