ഓട്ടത്തിനിടെ ഗുരുവായൂര്‍-മധുര എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; അപകടത്തിനിടയാക്കിയത് ബോഗികള്‍ തമ്മില്‍ ബന്ധിപ്പിച്ചതിലെ അപാകത: വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഓട്ടത്തിനിടെ ഗുരുവായൂര്‍-മധുര എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു

Update: 2025-01-04 01:40 GMT

കൊല്ലം: പുനലൂര്‍-ചെങ്കോട്ട റെയില്‍പാതയിലെ ആര്യങ്കാവില്‍ ഓട്ടത്തിനിടയില്‍ ഗുരുവായൂര്‍-മധുര എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. വേര്‍പെട്ട ബോഗികള്‍ തമ്മില്‍ നൂറുമീറ്റര്‍ വ്യത്യാസത്തില്‍ നിന്നു. വെള്ളിയാഴ്ച വൈകീട്ട് 3.05-നാണ് സംഭവം. പുനലൂരില്‍നിന്ന് മധുരയിലേക്കു പോകുന്നതിനിടയില്‍ ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷനും പഴയ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷനും ഇടയ്ക്കുവെച്ചാണ് പിറകിലെത്തെ ബോഗികള്‍ വേര്‍പെട്ടത്. ബോഗികള്‍ തമ്മില്‍ ബന്ധിപ്പിച്ചതിലെ അപാകതയാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക സൂചന.

വേര്‍പെട്ട ബോഗിയുടെ ഭാഗത്ത് ഗാര്‍ഡ് റൂമില്‍ ഉണ്ടായിരുന്നവര്‍ അപകടം മനസ്സിലാക്കി ബോഗികള്‍ നിര്‍ത്തുകയായിരുന്നു. ബോഗികള്‍ വേര്‍പെട്ടാല്‍ ലോക്കോ പൈലറ്റിനും അറിയാനാകും. കൂടാതെ ബോഗിയിലുണ്ടായിരുന്ന യാത്രക്കാരും ബഹളംവെച്ചു. പുനലൂര്‍ കഴിഞ്ഞ് ചെങ്കോട്ട ഭഗവതിപുരംവരെ ട്രെയിനുകള്‍ ഓടുന്നത് 30 കിലോമീറ്റര്‍ വേഗപരിധിയിലാണ്. വേഗം കുറവായതാണ് രക്ഷയായത്. ഗാട്ട് സ്റ്റേഷന്‍ പരിധിയില്‍ ഏറ്റവും നിരപ്പുള്ള സ്ഥലത്താണ് സംഭവമെന്നതും അപകടമൊഴിവാക്കി. പുനലൂര്‍മുതല്‍ ചെങ്കോട്ട ഭഗവതിപുരംവരെയുള്ള ഭാഗത്ത് ട്രെയിനുകളുടെ മുന്നിലും പിന്നിലും എന്‍ജിന്‍ ഘടിപ്പിച്ചിട്ടുള്ളതും തുണയായി. ബോഗികള്‍ വേര്‍പെട്ടതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പുറത്തിറങ്ങിയതോടെയാണ് സംഭവം പ്രദേശവാസികള്‍ അറിയുന്നത്.

3.45ഓടെ ബോഗികള്‍ വീണ്ടും ബന്ധിപ്പിച്ച് യാത്ര തുടര്‍ന്നു. ട്രെയിന്‍ ഒരുമണിക്കൂറോളം വൈകിയാണ് ഓടിയത്. പഴയ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടാല്‍ ചെങ്കോട്ട ഭഗവതിപുരംവരെ ഇറക്കമാണ്. ഈഭാഗത്തുവെച്ച് ബോഗികള്‍ വേര്‍പെട്ടിരുന്നെങ്കില്‍ ട്രാക്കില്‍നിന്നു തെന്നിമാറി വനത്തിലേക്കോ വന്‍താഴ്ചയിലേക്കോ മറിയുമായിരുന്നു.

Tags:    

Similar News