ക്ലാസ്സിലെ സീറ്റ് മാറിയിരുന്നതിന് ഒമ്പതാം ക്ലാസുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു; മുഖത്ത് അടിച്ചതായും തല ചുമരില്‍ ഇടിപ്പിച്ചതായും പരാതി

ഒമ്പതാം ക്ലാസുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു; മുഖത്ത് അടിച്ചതായും തല ചുമരില്‍ ഇടിപ്പിച്ചതായും പരാതി

Update: 2025-01-06 02:23 GMT

കൊല്ലം: ക്ലാസ്സിലെ സീറ്റ് മാറിയിരുന്നതിന് ഒമ്പതാം ക്ലാസുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. വിദ്യാര്‍ഥിയുടെ നേര്‍ക്ക് ഡെസ്റ്റര്‍ എറിഞ്ഞ ശേഷം മുഖത്തടിക്കുകയും പിടിച്ചു തള്ളി ചുമരില്‍ തല ഇടിപ്പിച്ചതായും പരാതിയില്‍ പറയുന്നു. കൊല്ലം പുത്തൂര്‍ പവിത്രേശ്വരം സ്‌കൂളിലെ അധ്യാപകനെതിരെ പുത്തൂര്‍ പൊലീസ് കേസെടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സോഷ്യല്‍ സയന്‍സ് പഠിപ്പിക്കാന്‍ എത്തിയ പ്രമോദ് ജി. കൃഷ്ണന്‍ എന്ന അധ്യാപകന്‍ മര്‍ദിച്ചു എന്നാണ് പരാതി. ഇരിപ്പിടം മാറിയിരുന്നതിന് മുഖത്ത് അടിച്ചതായും പിടിച്ചു തള്ളിയതായും വിദ്യാര്‍ഥി പൊലീസിന് മൊഴി നല്‍കി. വീട്ടിലെത്തിയ വിദ്യാര്‍ഥിയുടെ കവിള് വീങ്ങിയിരിക്കുന്നത് കണ്ട രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോളാണ് മര്‍ദ്ദനവിവരം പുറത്തറിയുന്നത്.

രക്ഷിതാവ് ഉടന്‍ തന്നെ പുത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടടക്കമുള്ള വകുപ്പുകള്‍ ചുമത്തി അധ്യാപകനെതിരെ കേസെടുത്തു. ഇതിന് പിന്നാലെ അധ്യാപകന്‍ ഒളിവില്‍ പോയെന്ന് പൊലീസ് പറഞ്ഞു. പ്രമോദിനെ കണ്ടെത്താന്‍ പുത്തൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Tags:    

Similar News