പ്രതിഭ എംഎല്‍എയുടെ മകന്‍ രണ്ട് പഫ് മാത്രമേ വലിച്ചുള്ളൂ എന്നു പറയാന്‍ മന്ത്രി സജി ചെറിയാന് നാണമില്ലേയെന്ന് ശോഭാ സുരേന്ദ്രന്‍; മകന്‍ കേസില്‍ പെട്ടാല്‍ അമ്മയാണോ ഉത്തരവാദിയെന്നും ചോദിച്ച് ബിജെപി നേതാവ്
കായംകുളം: മന്ത്രി സജി ചെറിയാനെ കടന്നാക്രമിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പ്രതിഭ എംഎല്‍എയുടെ മകന്‍ രണ്ട് പഫ് മാത്രമേ വലിച്ചുള്ളൂ എന്നു പറയാന്‍ മന്ത്രി സജി ചെറിയാന് നാണമില്ലേയെന്ന് ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. മകന്‍ പോകുന്നിടത്തെല്ലാം അമ്മയ്ക്ക് പോകാനാവുമോയെന്നും ശോഭ ചോദിച്ചു. പ്രതിഭയുടെ മകന്‍ കേസില്‍ പെട്ടാല്‍ അമ്മയാണോ ഉത്തരവാദി. സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കായംകുളത്ത് ബിജെപി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം.
കുട്ടികള്‍ ആകുമ്പോള്‍ കൂട്ടുകൂടും, എഫ്ഐആറില്‍ പുകവലിച്ചു എന്ന് മാത്രമാണുള്ളതെന്ന് മന്ത്രി പറഞ്ഞിരുന്നു. താനും പുകവലിക്കാറുണ്ട്. പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല. പുകവലിച്ചു എന്നതിന് ജാമ്യമില്ലാത്ത കുറ്റം ചുമത്തുന്നതെന്തിനാണെന്ന് സജി ചെറിയാന്‍ ചോദിച്ചിരുന്നു. ഇനി പ്രതിഭയുടെ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണ്. മകന്‍ ചെയ്ത തെറ്റിന് പ്രതിഭ എന്ത് ചെയ്തു. പ്രതിഭ എംഎല്‍എയ്ക്ക് സ്ത്രീയെന്ന പരിഗണന എങ്കിലും നല്‍കേണ്ടയെന്നും സജി ചെറിയാന്‍ പ്രതികരിച്ചിരുന്നു.