തിരുപ്പതി ക്ഷേത്രത്തിലുണ്ടായ അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; ഉത്തരവിട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുപ്പതി ക്ഷേത്രത്തിലുണ്ടായ അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുപ്പതി: ആറുപേരുടെ മരണത്തിനിടയാക്കിയ തിരുപ്പതി ക്ഷേത്രത്തിലുണ്ടായ അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ''തിരുപ്പതിയിലെ നിരീക്ഷണ സംവിധാനത്തില്‍ ചില പോരായ്മകള്‍ കണ്ടെത്തി. സുഗമമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട തിരുപ്പതി എസ്പി, തിരുമല തിരുപ്പതി ദേവസ്ഥാനം ജോയിന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. മറ്റൊരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി''ചന്ദ്രബാബു നായിഡു പറഞ്ഞു.
ദുരന്തത്തില്‍ വളരെയധികം ദുഃഖമുണ്ടെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം വീതം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 33 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവര്‍ക്കു 2 ലക്ഷം വീതം സാമ്പത്തികസഹായം നല്‍കും. ദുരന്തസ്ഥലവും പരുക്കേറ്റവരെയും സന്ദര്‍ശിച്ചതിനു പിന്നാലെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്നു രാവിലെയാണു മുഖ്യമന്ത്രി ദുരന്തസ്ഥലത്ത് എത്തിയത്. തീര്‍ഥാടകരുടെ വന്‍ ജനക്കൂട്ടത്തിനെ നേരിടാന്‍ ഒരുക്കിയിട്ടുള്ള താല്‍ക്കാലിക ക്രമീകരണങ്ങള്‍ പരിശോധിക്കുകയും ചെയ്തു. പിന്നാലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുകയും ചെയ്തു.