വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയുടെ തട്ടിപ്പ്; കേരളത്തിലുട നീളം തട്ടിപ്പ് നടത്തിയ താജുദീന്‍ ഓരോ സ്ഥലങ്ങളിലും അറിയപ്പെട്ടിരുന്നത് ഓരോ പേരുകളില്‍: പിടിച്ചെടുത്തത് 15 എടിഎം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും അടക്കം നിരവധി രേഖകള്‍
വിദേശത്തു ജോലി വാഗ്ദാനം ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ
കുട്ടനാട്: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പു നടത്തിയ തിരുവനന്തപുരം സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയ നെടുമങ്ങാട് ഉഴമലയ്ക്കല്‍ പഞ്ചായത്ത് 2-ാം വാര്‍ഡില്‍ കുര്യാത്തി താജ് മന്‍സില്‍ വീട്ടില്‍ താജുദീനെ ആണു (54) കൈനടി പൊലീസ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കേരളത്തിലങ്ങോളം ഇങ്ങോളമായി നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിനിരയായത്. വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ ശേഷം മുങ്ങുകയാണ് ഇയാളുടെ പതിവ്. നിരവധി പേര്‍ക്കാണ് ലക്ഷങ്ങള്‍ നഷ്ടമായത്. നിലവില്‍ കോയമ്പത്തൂര്‍ സൗത്ത് ഉക്കടത്താണ് താമസിക്കുന്നത്. പ്രദീപ് നായര്‍, വിജയകുമാര്‍, സന്തോഷ് എന്നീ പേരില്‍ പല സ്ഥലങ്ങളില്‍ ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. പല ജില്ലകളിലും ഇയാളുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.
ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, പല ബാങ്കുകളുടെ 15 എടിഎം കാര്‍ഡുകള്‍, വ്യാജ തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഇയാളില്‍നിന്നു പിടിച്ചെടുത്തു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 പേരില്‍ നിന്ന് ഏകദേശം ഒന്നര കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
കൈനടി പൊലീസ് സ്റ്റേഷനില്‍ മാത്രം അഞ്ച് കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം, വഞ്ചിയൂര്‍, കൊല്ലം, കരുനാഗപ്പള്ളി, കണ്ണൂര്‍, തലശ്ശേരി പാലക്കാട് വടക്കാഞ്ചേരി, തൃശൂര്‍, കുന്നംകുളം, വരന്തരപള്ളി തുടങ്ങിയ സ്റ്റേഷനുകളിലും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2019ല്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും മണ്ണുത്തി പൊലീസ് സ്റ്റേഷനിലും 2021ല്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലും റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിചാരണ നേരിട്ടു വരികയാണ്.
അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍.രാജേഷ്, കൈനടി എസ്എച്ച്ഒ ആര്‍.രാജീവ്, എസ്‌ഐ പി.എസ്.അംശു, സീനിയര്‍ സിപിഒമാരായ എസ്.സനോജ്, എം.സംജിത് എന്നിവരാണ് അന്വേഷണം നടത്തിയത്.