25000 കോടി രൂപയുടെ ലഹരിമരുന്നു കേരള തീരത്തു നിന്നു പിടികൂടിയ കേസ്; പ്രതിയായ ഇറാന്‍ പൗരനെ വിട്ടയച്ച് വിചാരണക്കോടതി
25000 കോടി രൂപയുടെ ലഹരിമരുന്നു കേരള തീരത്തു നിന്നു പിടികൂടിയ കേസ്; പ്രതിയായ ഇറാന്‍ പൗരനെ വിട്ടയച്ച് വിചാരണക്കോടതി
കൊച്ചി: കേരള തീരത്തു നിന്നു 25000 കോടി രൂപയുടെ ലഹരിമരുന്നു പിടികൂടിയ കേസിലെ പ്രതിയായ ഇറാന്‍ പൗരന്‍ സുബൈറിനെ വിചാരണക്കോടതി വിട്ടയച്ചു. 2023ലാണ് ഇന്ത്യന്‍ നേവി സുബൈറിനെ പിടികൂടിയത്. തന്നെ കൂടാതെ അഞ്ചു പേര്‍ കൂടി കപ്പലില്‍ ഉണ്ടായിരുന്നതായും കപ്പലില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളെക്കുറിച്ചു തനിക്ക് അറിവ് ഇല്ലെന്നുമുള്ള പ്രതിഭാഗം വാദം അംഗീകരിച്ചാണു കോടതിയുടെ നടപടി.
കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജന്‍സിയായ എന്‍സിബിയാണു കേസ് റജിസ്റ്റര്‍ ചെയ്തു പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചത്. 2525 കിലോഗ്രാം രാസലഹരി പദാര്‍ഥവും പിടികൂടിയിരുന്നു. പാക്കിസ്ഥാന്‍ പൗരനെന്ന സംശയത്തിലാണു കസ്റ്റഡിയിലെടുത്തതെങ്കിലും അന്വേഷണത്തില്‍ ഇറാന്‍ പൗരനാണെന്നു വ്യക്തമായി.
പ്രതിയെ അറസ്റ്റ് ചെയ്തത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്തുനിന്നാണെന്ന് അറസ്റ്റിലായപ്പോള്‍ മുതല്‍ പ്രതിഭാഗം വാദം ഉന്നയിച്ചിരുന്നു. കോടതിയില്‍ എന്‍സിബി നല്‍കിയ സത്യവാങ്മൂലത്തില്‍ പിടിച്ചെടുത്ത ദൂരത്തെക്കുറിച്ചു വ്യക്തമാക്കിയിരുന്നില്ല. കപ്പലില്‍ സഞ്ചരിച്ചിരുന്ന മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രോസിക്യൂഷന്‍ മറച്ചുവച്ചതായും കോടതി നിരീക്ഷിച്ചു.