പെരുമ്പാവൂരില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി; പോലിസ് പിടിച്ചെടുത്തത് മൂന്ന് കോടിയിലേറ രൂപ വിലവരുന്ന ശേഖരം
പെരുമ്പാവൂരില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി
പെരുമ്പാവൂര്‍: പെരുമ്പാവൂരിനടുത്ത് മുടിക്കലിലെ ഗോഡൗണില്‍നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പോലീസ് പിടികൂടി. 500-ലധികം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഉത്പന്നങ്ങള്‍ക്ക് മൂന്നുകോടി രൂപയിലേറെ വിലവരുമെന്ന് പോലീസ് അറിയിച്ചു. ഗോഡൗണ്‍ വാടകയ്ക്ക് എടുത്തിരുന്ന പൊന്നാനി വെളിയംകോട് പുതിയ വീട്ടില്‍ കമറുദ്ദീന്‍ (54) അറസ്റ്റിലായി. റൂറല്‍ ജില്ലയില്‍ നടപ്പാക്കുന്ന 'ഓപ്പറേഷന്‍ ക്ലീന്‍' പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്.
മുടിക്കല്‍ തടിഡിപ്പോ റോഡിലുള്ള ഗോഡൗണില്‍ ചാക്കില്‍ അട്ടിയിട്ട നിലയിലാണിത് സൂക്ഷിച്ചിരുന്നത്. വിദേശ സിഗരറ്റുകളും കശ്മീരിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രം വില്‍ക്കുന്ന സിഗരറ്റുകളും കൂടാതെ ഹാന്‍സ്, പാന്‍പരാഗ്, മറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് പിടികൂടിയത്.