എല്ലാ തിങ്കളാഴ്ചയും എന്‍ഐഎ ആസ്ഥാനത്ത് ഹാജരാകണം; മുംബൈ വിട്ടുപോകരുത്: ആറു വര്‍ഷത്തിന് ശേഷം റോണാ വില്‍സണ്‍ ജയില്‍ മോചിതന്‍
ആറു വര്‍ഷത്തിന് ശേഷം റോണാ വില്‍സണ്‍ ജയില്‍ മോചിതന്‍
By : സ്വന്തം ലേഖകൻ
Update: 2025-01-25 00:53 GMT
മുംബൈ: ആറു വര്‍ഷമായി ജയിലിലുള്ള കൊല്ലം സ്വദേശിയായ മനുഷ്യാവകാശ പ്രവര്ത്തകന് റോണ വില്‍സണ്‍, സുധീര്‍ ധവാളെ എന്നിവര്‍ ജയിലില്‍ പുറത്തിറങ്ങി. വിചാരണ പോലും തുടങ്ങിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഇരുവര്‍ക്കും ഈ മാസം എട്ടിന് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന കേസിലാണ് ഇരുവരും അഴിക്കുള്ളിലായത്.
എല്ലാ തിങ്കളാഴ്ചയും മുംബൈയിലെ എന്‍ഐഎ ആസ്ഥാനത്ത് ഹാജരാകണം, മുംബൈ വിട്ടുപോകരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. 2017 ഡിസംബര്‍ 31ന് പുണെയിലെ എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തിലെ പ്രസംഗങ്ങള്‍ കലാപത്തിനു കാരണമായെന്ന് ആരോപിച്ച് 16 സാമൂഹിക പ്രവര്‍ത്തകരാണ് പിടിയിലായത്. 10 പേര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചു. മനുഷ്യാവകാശ പ്രവര്ത്തകന് സ്റ്റാന്‍ സ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 2021ല്‍ മരിച്ചു.