കമ്പനിയില്‍ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ജോലിയില്‍ നിന്നും പറഞ്ഞു വിട്ടു; വിരോധം തീര്‍ക്കാന്‍ ക്രെയിന്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍
ക്രെയിന്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
പത്തനംതിട്ട: കമ്പനിയില്‍ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ജോലിയില്‍ നിന്നും ഒഴിവാക്കിയതിന്റെ വിരോധത്തില്‍ ക്രെയിന്‍ മോഷ്ടിച്ച യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തു. തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് ചൂരപ്പറമ്പില്‍ വീട്ടില്‍ ബാലസുബ്രഹ്‌മണ്യം (22) ആണ് പിടിയിലായത്. പത്തനംതിട്ട വെട്ടിപ്പുറം ജങ്ഷനിലുള്ള മൈ ക്രെയിന്‍ സ്ഥാപനത്തിലെ ടാറ്റാ പിക്കപ്പ് ക്രെയിനാണ് ശനിയാഴ്ച വൈകീട്ട് മോഷ്ടിച്ചത്.
സ്ഥാപന ഉടമ റാന്നി കരികുളം മേലെകുറ്റ് ജിതിന്‍ ജോസിന്റെ പിതാവ് പത്തനംതിട്ട സ്റ്റേഷനില്‍ ഞായറാഴ്ച പരാതി നല്‍കി. തിങ്കഴാഴ്ച പുലര്‍ച്ചെ നാലോടെ പുനലൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. വാഹനവും കണ്ടെടുത്തു. കമ്പനിയില്‍ എട്ടുമാസം മുമ്പ് ജോലിക്കുനിന്ന ബാലസുബ്രഹ്‌മണ്യത്തെ, ക്രമക്കേട് നടത്തിയതിന്റെ പേരില്‍ അന്ന് ഒഴിവാക്കിയിരുന്നു. ഇതിലുള്ള വിരോധമാണ് മോഷണകാരണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി.