കേരളത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മുതല്‍ അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്; മത്സ്യബന്ധനത്തിന് കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ വിലക്ക്; ശക്തമായ കാറ്റിനും മിന്നലിനും സാധ്യത
തിരുവനന്തപുരം: ഒക്ടോബറിന്റെ മധ്യത്തോടെ കേരളം വീണ്ടും ശക്തമായ മഴയുടെ പിടിയിലാകുമെന്ന് കാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വിടപറയുന്നതിനുമുമ്പ് തന്നെ പുതിയ തുലാവര്‍ഷഘട്ടം എത്തുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് മുതല്‍ അടുത്ത അഞ്ചു ദിവസങ്ങള്‍ വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.
മധ്യ- തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയോടെ മുന്നറിയിപ്പ് പരിധി തൃശൂര്‍ വരെ വ്യാപിക്കും. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുന്നറിയിപ്പ്. മത്സ്യബന്ധനത്തിന് ഇന്ന് കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ വിലക്കുണ്ട്.
അറബിക്കടലില്‍ രൂപംകൊള്ളാന്‍ പോകുന്ന ന്യൂനമര്‍ദ്ദമാണ് ഈ മഴയ്ക്കുള്ള പ്രധാന കാരണം. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴി തെക്ക് പടിഞ്ഞാറോട്ട് നീങ്ങി, കന്യാകുമാരി തീരം വഴി തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപ് പരിസരത്തേക്കുമാണ് നീങ്ങുന്നത്. ഞായറാഴ്ചയോടെ ഇത് ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നത്.
തുലാവര്‍ഷത്തിനായി അനുയോജ്യമായ അന്തരീക്ഷ ഘടകങ്ങള്‍ നിലവിലുണ്ടെന്നും, ഈ ഘട്ടം തുടക്കത്തിലേ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ഈ സമയത്ത് മലയോരങ്ങളിലും തീരപ്രദേശങ്ങളിലും ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.