ദേശീയ വികസന ഏജന്‍സി ഭാരത് സേവക് പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി
ദേശീയ വികസന ഏജന്‍സി ഭാരത് സേവക് പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി
തിരുവനന്തപുരം: ദേശീയ വികസന ഏജന്‍സിയായ സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ മികച്ച ജില്ലാപഞ്ചായത്ത് മെമ്പര്‍ക്കുള്ള ഭാരത് സേവക് പുരസ്‌കാരം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി.
1952ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണ കമ്മിഷന്റെ കീഴില്‍ സ്ഥാപിതമായ ദേശീയ വികസന ഏജന്‍സിയായ ഭാരത് എസ്.എസ്, നാഷണല്‍ ഇന്‍സ്റ്റിറ്റൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോര്‍മിങ് ഇന്ത്യയുടെ അംഗീകാരത്തോടെയുള്ള ഏജന്‍സിയാണ്. സദ്ഭാവനാ ഭവനില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ബി. എസ്. ബാലചന്ദ്ര പുരസ്‌കാരം സമ്മാനിച്ചു.ന്യൂഡല്‍ഹി സെന്‍ട്രല്‍ സമാജ് ഡയറക്ടര്‍ ജനറല്‍ മഞ്ജു ശ്രീകണ്ഠന്‍, ജോയിന്‍ ഡയറക്ടര്‍ സിന്ധു മധു തുടങ്ങിയവര്‍ സംബന്ധിച്ചു.
ഭാരത സര്‍ക്കാര്‍ നീതി ആയോഗിന്റെ ആസ്പിരേഷനല്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാമില്‍ കേരളത്തില്‍നിന്നുള്ള ഏക ആസ്പിരേഷനല്‍ ജില്ലയായ വയനാട് ജില്ലയിലെ ക്ഷേമകാര്യ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണ നടത്തിപ്പു ചുമതലകള്‍ നിര്‍വഹിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധി എന്ന നിലയില്‍ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ മികവും ഗുണനിലവാരവും വൈവിധ്യവുമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് ന്യൂഡല്‍ഹി സെന്‍ട്രല്‍ സമാജ് ജോയിന്‍ ഡയറക്ടര്‍ സിന്ധു മധു പറഞ്ഞു.
രാജ്യത്തെ പിന്നാക്ക ജില്ലകളെ അവരുടെ പ്രത്യേക വികസന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 2018ല്‍ ആരംഭിച്ച പദ്ധതിയാണ് ആസ്പിരേഷനല്‍ ജില്ല പദ്ധതി.നീതി ആയോഗിന്റെ ആസ്പിരേഷനല്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാമില്‍ ഇടംനേടിയ വയനാടിന്റെ സവിശേഷ സാഹചര്യങ്ങളെ ഗുണപരമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കാന്‍ തദ്ദേശസംവിധാനങ്ങള്‍ക്ക് വലിയ പങ്കാണ് ഉള്ളത്.
ജനകീയാസൂത്രണം മുന്നോട്ടു വെക്കുന്ന വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ച് വയനാട്ടില്‍ കൂടുതല്‍ അവബോധവും ജാഗ്രതയും സൃഷ്ടിക്കുന്നതില്‍ ജുനൈദിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. കൂടുതല്‍ ജനങ്ങളെയും പ്രദേശങ്ങളെയും സ്ഥാപനങ്ങളെയും പദ്ധതി നിര്‍വഹണത്തിന്റെ ഗുണഭോക്താക്കളാക്കി മാറ്റുക വഴി, ജനകീയാസൂത്രണത്തിന്റെ താല്പര്യങ്ങളെ പ്രാദേശിക തലത്തില്‍ കൂടുതല്‍ ജനകീയമാക്കുന്നതിലും ജുനൈദിന്റെ നേതൃത്വത്തില്‍ നടന്ന വികസന പ്രചാരണ-പദ്ധതികള്‍ സഹായകമായി. ഭൗതിക സാഹചര്യങ്ങളുടെ വികസനം എന്നതിലപ്പുറം പ്രാദേശിക വികസനത്തെ കുറിച്ച് കൂടുതല്‍ വിപുലമായ കാഴ്ചപ്പാടുകള്‍ താഴേത്തട്ടില്‍ രൂപീകരിക്കുന്നതിലും തുടര്‍ പദ്ധതികളില്‍ ഇവയുടെ പ്രതിഫലനം സൃഷ്ടിക്കുന്നതിലും ജുനൈദ് കൈപ്പാണി നിര്‍വഹിക്കുന്ന നേതൃപരമായ പങ്കാളിത്തം ജനകീയാസൂത്രണത്തിലെ മികച്ച മാതൃകയാണെന്നും അധികൃതര്‍ പറഞ്ഞു.
വയനാട് ജില്ലാ പഞ്ചായത്തില്‍ വെള്ളമുണ്ട ഡിവിഷന്‍ പ്രതിനിധീകരിക്കുന്ന ജുനൈദ് കൈപ്പാണി ജനതാദള്‍ എസ് ദേശീയ ജനറല്‍ സെക്രട്ടറിയും നിരവധിസാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ സംഘടനകളുടെ ചുമതലകളും വഹിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രസംഗ പരിശീലനം നല്‍കുന്ന ലെറ്റ്‌സ് സ്‌കൂള്‍ ഓഫ് പബ്ലിക് സ്പീക്കിങ് എന്ന സ്ഥാപനത്തിന്റെ സ്ഥാപക ചെയര്‍മാനാണ്. മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള ഗ്ലോബല്‍ പീസ് കണ്‍സോര്‍ഷ്യം ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരം, ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കര്‍ പുരസ്‌കാരം, മാതൃകാ പൊതുപ്രവര്‍ത്തകനുള്ള കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് എന്നിവയുള്‍പ്പടെ നിരവധി അംഗീകാരങ്ങളും നേരത്തേ നേടിയിട്ടുണ്ട്. ജനകീയാസൂത്രണം, വ്യക്തിത്വവികസനം എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളിലെ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.