ദിവസേനയെന്നോണം ജില്ലയില്‍ വന്യജീവി ആക്രമണം; വയനാട്ടില്‍ നാളെ യു.ഡി.എഫ്. ഹര്‍ത്താല്‍; അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം എന്നീ ആവശ്യത്തിനുള്ള യാത്രകളെയും ഒഴിവാക്കി
നാളെ വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍
ബത്തേരി: വയനാട് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ രൂക്ഷമായ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി നാളെ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ദിവസേന എന്നോണം ജില്ലയില്‍ ആക്രമണത്തില്‍ മനുഷ്യജീവനങ്ങള്‍ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു.
അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നീ ആവശ്യങ്ങള്‍ക്കുള്ള യാത്രകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നാല് പേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമാകുന്നത്. ഇന്നലെ രാത്രി നടന്ന കാട്ടാന ആക്രമണത്തില്‍ അട്ടമല സ്വദേശി ബാലകൃഷ്ണന്‍ അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു.ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിനുള്ളിലെ വഴിയിലാണ് ബാലകൃഷ്ണന്റെ മൃതദേഹം കണ്ടത്.
രണ്ടുദിവസത്തിനിടെ രണ്ടുപേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യു.ഡി.എഫിന്റെ പ്രതിഷേധം. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകീട്ട് നൂല്‍പ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. 43 ദിവസത്തിനിടെ നാലുപേരാണ് വന്യമൃഗ ആക്രമണത്തില്‍ വയനാട്ടില്‍ മരിച്ചത്.