വീട്ടിനുള്ളിലേക്ക് ഇരച്ചെത്തി; മുന്നിലെ ഗ്രില്‍ തകര്‍ത്തു; കാട്ടു പന്നി ആക്രമണത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം കണ്ടല്ലൂരിൽ
By : സ്വന്തം ലേഖകൻ
Update: 2025-02-12 15:49 GMT
കായംകുളം: കണ്ടല്ലൂരിൽ കാട്ടുപന്നിയുടെ വ്യാപക ആക്രമണം. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പുല്ലുകുളങ്ങരയ്ക്ക് വടക്ക് ഏലിൽ രാധാകൃഷ്ണപിള്ളയുടെ വീടിന്റെ മുൻഭാഗത്തെ ചെറിയ ഗ്രില്ല് തകർത്ത് കാട്ടുപന്നി വീടിനുളളിൽ കയറി. വീട്ടുകാർ മറ്റൊരു മുറിയിലേക്ക് ഓടിക്കയറി വാതിലടച്ചതിനാൽ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു.
വേലഞ്ചിറ പടിഞ്ഞാറു ഭാഗത്തുവെച്ച് സൈക്കിൾ യാത്രക്കാരനു നേരെയും പാഞ്ഞടുത്തു. ഇയാളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രണ്ടു മാസം മുൻപ് രാത്രിയിൽ പലതവണ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടിരുന്നു. കാട്ടുപന്നി ഭീഷണിയിൽ ഒരു നാട് മുഴുവനും പൊറുതിമുട്ടിയിരിക്കുകയാണ്.