മലപ്പുറത്ത് അയല്‍വാസിയുടെ വീട്ടിലെത്തിയ ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം; കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സിസിടിവി ദൃശ്യം പുറത്ത്
ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം
മലപ്പുറം: മലപ്പുറം തെന്നലയില്‍ ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. മലപ്പുറം തെന്നല അറക്കലിലാണ് സംഭവം. അറക്കല്‍ സ്വദേശി സിദ്ദിക്കിന്റെ മകന്‍ മുഹമ്മദ് ആശിറിനെയാണ് നായക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചത്. കുട്ടി ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു.
കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. അയല്‍വാസിയുടെ വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെയാണ് ഏഴ് തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്. വീട്ടിന്റെ മുന്‍വശത്തെത്തിയ കുട്ടിക്ക് നേരെ കാര്‍ പോര്‍ച്ചില്‍ നിന്ന നായ്ക്കള്‍ കുരച്ച് പാഞ്ഞടുക്കുകയായിരുന്നു. ഇത് കണ്ട കുട്ടി നിലവിളിച്ച് വീടിന്റെ അടുക്കള ഭാഗത്തേയ്ക്ക് ഓടി.
കുട്ടിയുടെ നിലവിളി കേട്ട സ്ത്രീകള്‍ പുറത്തിറങ്ങി ശബ്ദമുണ്ടാക്കിയതോടെയാണ് നായ്ക്കള്‍ തിരിഞ്ഞോടിയത്. കുട്ടി നന്നായി ഭയപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.