വിവാഹിതരായ പെണ്‍കുട്ടികളുടെ വിലാസം നല്‍കി കബളിപ്പിച്ചു; വിവാഹ ബ്യൂറോ 14,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
വിവാഹിതരായ പെണ്‍കുട്ടികളുടെ വിലാസം നല്‍കി കബളിപ്പിച്ചു; വിവാഹ ബ്യൂറോ 14,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
എറണാകുളം: വിവാഹിതരായ പെണ്‍കുട്ടികളുടെ വിലാസം നല്‍കി യുവാവിനെയും കുടുംബത്തെയും കബളിപ്പിച്ച വിവാഹ ബ്യൂറോ 14,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. മകന് വിവാഹാലോചനയുമായി വിവാഹ ബ്യൂറോയെ സമീപിച്ച് കബളിപ്പിക്കപ്പെട്ട പിതാവ് നല്‍കിയ പരാതിയില്‍ എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
മകന് വധുവിനെ കണ്ടെത്താനാണ് എറണാകുളം, ചേരാനല്ലൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ വിവാഹ ബ്യൂറോയെ സമീപിച്ചത്. മലപ്പുറം തിരൂരില്‍ പ്രവര്‍ത്തിക്കുന്ന 'ലക്ഷ്മി മാട്രിമോണി' എന്ന സ്ഥാപനമാണ് ഇദ്ദേഹത്തെ കബളിപ്പിച്ചത്. പെണ്ണന്വേഷിച്ചെത്തിയ ഗോപാലകൃഷ്ണനില്‍ നിന്നും 2000 രൂപ ഫീസായി ഇവര്‍ കൈപ്പറ്റി. തുടര്‍ന്ന് എട്ട് പെണ്‍കുട്ടികളുടെ വിശദാംശങ്ങളാണ് എതിര്‍കക്ഷി നല്‍കിയത്. അതില്‍ ഏഴ് പെണ്‍കുട്ടികളും നേരത്തെ വിവാഹിതരായിരുന്നു. ശേഷിച്ച ഒരു പെണ്‍കുട്ടിയുടെ പൂര്‍ണമായ വിവരം എതിര്‍കക്ഷി നല്‍കിയില്ല. പരാതിക്കാരന്‍ പല പ്രാവശ്യം എതിര്‍കക്ഷിയെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായില്ല.
ഇതോടെയാണ് ഇവര്‍ എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. എതിര്‍കക്ഷി ആവശ്യപ്പെട്ട പണം നല്‍കിയിട്ടും സേവനം കൃത്യമായി നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചവരുത്തി എന്നും ഇതുമൂലം ഏറെ മന:ക്ലേശവും ധനനഷ്ടവും വന്നു വെന്നും പരാതിപ്പെട്ടാണ് കമ്മിഷനെ സമീപിച്ചത്. മകന് യോജ്യരായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ വിവാഹ ബ്യൂറോയെ സമീപിച്ച പരാതിക്കാരനെ തെറ്റിദ്ധരിപ്പിക്കുകയും ഇതു മൂലം ധനനഷ്ടവും മന:ക്ലേശവും ഉണ്ടായി എന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ ഇത് അധാര്‍മികമായ വ്യാപാര രീതിയാണെന്ന് നിഗമനത്തിലാണ് ഡി.ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്.
വിവാഹ ബ്യൂറോ പരാതിക്കാരില്‍ നിന്ന് ഫീസായി വാങ്ങിയ 2000 രൂപ, 7000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവ് സഹിതം 45 ദിവസത്തിനകം എതിര്‍കക്ഷി പരാതിക്കാരനെ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു.പരാതിക്കാരന് വേണ്ടി അഡ്വക്കറ്റ് മിഷാല്‍.എം.ദാസന്‍ ഹാജരായി.