പിക്കപ്പ് ഓട്ടോ ഇടിച്ച് ഗുരുതര പരിക്ക്; ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പിക്കപ്പ് ഓട്ടോ ഇടിച്ച് ഗുരുതര പരിക്ക്; ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Update: 2025-02-21 12:07 GMT

തിരുവനന്തപുരം (നെടുമങ്ങാട്) : ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ആളെ 2023 സെപ്റ്റംബര്‍ 11 ന് രാത്രി പിക്കപ്പ് ഓട്ടോറിക്ഷ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയെന്ന പരാതി ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.

ജില്ലാ ക്രൈം ബ്രാഞ്ചിലെ ഡി.വൈ.എസ്.പി. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ കേസന്വേഷണം നടത്തണമെന്നാണ് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. വെമ്പായം ചീരാണിക്കര സ്വദേശി മുഹമ്മദ് റഹ്‌മത്തുള്ളയുടെ പരാതിയിലാണ് നടപടി.

നെടുമങ്ങാട് ഡി.വൈ.എസ്.പി. യില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരന്‍ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിലാണ് പിക്കപ്പ് ഓട്ടോ ഇടിച്ചത്. പരാതിക്കാരന്റെ അസ്ഥിക്ക് പൊട്ടലും മുറിവുകളും സംഭവിച്ചു. പരാതിയില്‍ നെടുമങ്ങാട് പോലീസ് ക്രൈം 2099/2023 നമ്പരായി കേസെടുത്തിരുന്നു. സി.സി.റ്റി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഓട്ടോയുടെ വിവരങ്ങള്‍ ലഭിച്ചില്ല.

ഓട്ടോ കണ്ടെത്താത്തതു കാരണം കോടതിയില്‍ സാവകാശം ചോദിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സമഗ്രമായ അന്വേഷണത്തിന് കമ്മീഷന്‍ ഉത്തരവിട്ടത്.

Tags:    

Similar News