പത്തനംതിട്ടയില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഓടി നിയമലംഘനം നടത്തിയ ബൈക്കുകള്‍ക്ക് പിഴയീടാക്കി പോലീസ്
പത്തനംതിട്ടയില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഓടി നിയമലംഘനം നടത്തിയ ബൈക്കുകള്‍ക്ക് പിഴയീടാക്കി പോലീസ്
പത്തനംതിട്ട: നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഓടിച്ചുവന്ന രണ്ട് ബൈക്കുകള്‍ ട്രാഫിക് പോലീസ് പിടികൂടി പിഴയീടാക്കി. കൈ കാണിച്ച് നിര്‍ത്താതെ പോലീസിനെ വെട്ടിച്ചു പോയതിനു മൂന്നു തവണ കൊച്ചി സിറ്റി പോലീസ് പിടികൂടിയ മോട്ടോര്‍ സൈക്കിളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് 5000 രൂപ വീതം ഓരോ പ്രാവശ്യവും പിഴ അവിടെ ഈടാക്കിയിരുന്നു. ചെങ്ങന്നൂര്‍ പെണ്ണൂക്കര ലക്ഷം വീട് കോളനി സ്വദേശി സന്തോഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. 21500 രൂപ ട്രാഫിക് പോലീസ് പിഴയിട്ടു. മോട്ടോര്‍ വാഹനവകുപ്പും പോലീസും ചുമത്തിയ ആകെ 32500 രൂപയുടെ പിഴ ഈ ബൈക്കിനു മുമ്പ് ലഭിച്ചതായും പരിശോധനയില്‍ കണ്ടെത്തി.
റാന്നി പഴവങ്ങാടി അടിച്ചിപ്പുഴ അലിമുക്ക് ആശാരിപ്പറമ്പില്‍ വിമല്‍ വികാസിന്റെ ഉടമസ്ഥതയിലുള്ള ബൈക്കിന് 14000 രൂപ പിഴ ഈടാക്കി. നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാത്തതിനും അപകടകരമായ സഞ്ചാരത്തിനും മറ്റുമാണ് പിഴയിട്ടത്. മോട്ടോര്‍ വാഹനവകുപ്പും പോലീസും ചുമത്തിയ ആകെ 12750 രൂപയുടെ പിഴ ഈ ബൈക്കിനുള്ളതായും കണ്ടെത്തി. നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഓടുന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നിയമനടപടി ജില്ലയില്‍ പോലീസ് തുടര്‍ന്നു വരികയാണ്. നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഓടിയ 11 വാഹനങ്ങള്‍ നടപടികള്‍ക്ക് വിധേയമാക്കിയതായി പോലീസ് പറഞ്ഞു. ട്രാഫിക് എന്‍ഫോഴ്സ്മെന്റ് എസ് ഐ അജി സാമൂവല്‍ പരിശോധനക്ക് നേതൃത്വം നല്‍കി. വ്യക്തമായി നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാത്തതും ഇത് ഇല്ലാതെ ഓടുന്നതുമായ വാഹനങ്ങള്‍ പ്രത്യേകിച്ചും, ഇതുപോലെ വിലകൂടിയ ഇനം ഇരുചക്ര വാഹനങ്ങളില്‍ പായുന്ന യുവാക്കളെ നിരീക്ഷിച്ച് കര്‍ശന നടപടികള്‍ക്ക് വിധേയമാക്കുന്നുമുണ്ട്.