റെഗുലേറ്റര്‍ നിര്‍മിക്കുന്നതിനുള്ള സര്‍വേയ്ക്കിടെ അബദ്ധത്തില്‍ കാല്‍ വഴുതി പുഴയില്‍ വീണു; 28കാരന് ദാരുണാന്ത്യം

റെഗുലേറ്റര്‍ നിര്‍മിക്കുന്നതിനുള്ള സര്‍വേയ്ക്കിടെ അബദ്ധത്തില്‍ കാല്‍ വഴുതി പുഴയില്‍ വീണു; 28കാരന് ദാരുണാന്ത്യം

Update: 2025-02-26 02:47 GMT

അഡൂര്‍: പയസ്വിനിപ്പുഴയില്‍ റെഗുലേറ്റര്‍ നിര്‍മിക്കുന്നതിനുള്ള സര്‍വേയ്ക്കിടെ അബദ്ധത്തില്‍ പുഴയില്‍ വീണ് സര്‍വേയര്‍ മുങ്ങിമരിച്ചു. ആലപ്പുഴ സ്വദേശിയായ 28കാരനാണ് മരിച്ചത്. കാസര്‍കോട് വികസന പാക്കേജില്‍ പെടുത്തി ചെറുകിട ജലസേചനവകുപ്പ് പള്ളങ്കോട്ട് നിര്‍മിക്കുന്ന റെഗുലേറ്ററിന്റെ സാധ്യതാപഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള ഡിജിറ്റല്‍ സര്‍വേ നടത്തുന്നതിനിടെയാണ് അപകടം.

ആലപ്പുഴ ചെറിയനാട് മാമ്പ്ര തൂമ്പിനാല്‍ വീട്ടിലെ ടി.ആര്‍. തുളസീധരന്റെ മകന്‍ ടി. നിഖില്‍ (28) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് അഡൂര്‍ പള്ളങ്കോട്ടാണ് അപകടം. കൊച്ചി ആസ്ഥാനമായ എസ്റ്റീം കമ്പനിക്കാണ് സര്‍വേയുടെ ചുമതല. കമ്പനി ഉപകരാര്‍ നല്‍കിയ 'ഒറിജിന്‍' എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് നിഖില്‍.

പുഴയുടെ തെക്ക്, വടക്ക് ഭാഗങ്ങളിലായി രണ്ടുപേര്‍ വീതമാണ് സര്‍വേ നടത്തിയിരുന്നത്. നാലുപേരും ലൈഫ് ജാക്കറ്റ് ധരിച്ചാണ് സര്‍വേ തുടങ്ങിയത്. ഇടവേളയില്‍ ഇവര്‍ ലൈഫ് ജാക്കറ്റ് ഊരിമാറ്റി കയത്തിന് സമീപത്തെ വലിയ പാറയില്‍ ഇരുന്ന് വിശ്രമിക്കുകയായിരുന്നു. ഇതിനിടെ നിഖില്‍ എഴുന്നേല്‍ക്കുന്നതിനിടെ കാല്‍വഴുതി കയത്തില്‍ വീഴുകയായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

പുഴയുടെ ആഴമേറിയ ഇടമായതിനാല്‍ സഹപ്രവര്‍ത്തകര്‍ക്ക് രക്ഷിക്കാനായില്ല. കുറ്റിക്കോലില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. അസി. സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുള്‍ ഫൈസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തിയത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ദേവദത്താണ് മൃതദേഹം മുങ്ങിയെടുത്തത്. അമ്മ: ഷീല. സഹോദരന്‍: നിധീഷ്.

Tags:    

Similar News