ഗോഡ്‌സയെ പ്രകീര്‍ത്തിച്ച എന്‍ഐടി അധ്യാപിക ഡോ ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

Update: 2025-02-26 06:04 GMT

കുന്നമംഗലം: ഗോഡ്‌സയെ പ്രകീര്‍ത്തിച്ച എന്‍ഐടി അധ്യാപിക ഡോ. ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം. കാലിക്കറ്റ് എന്‍ഐടി അധ്യാപികയായിരുന്ന ഷൈജയ്ക്ക് പ്ലാനിങ് ആന്‍ഡ് ഡിവലപ്‌മെന്റായി ഡീനായി രണ്ടുവര്‍ഷത്തേക്കാണ് സ്ഥാനക്കയറ്റം നല്‍കിയത്. തിങ്കളാഴ്ചയാണ് എന്‍ഐടി രജിസ്ട്രാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇതിനെതിരെ പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

ഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷമാണ് സമൂഹമാധ്യമ പോസ്റ്റിനു താഴെ ഗോഡ്‌സയെ പ്രകീര്‍ത്തിച്ച് ഷൈജ കമന്റിട്ടത്. 'ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ട്' എന്നായിരുന്നു ഷൈജ കമന്റ്. നാഥുറാം വിനായക് ഗോഡ്‌സെ ഭാരതത്തിലെ ഒരുപാടു പേരുടെ ഹീറോ' എന്ന കുറിപ്പോടെ അഡ്വ. കൃഷ്ണ രാജ് എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജയുടെ കമന്റ് വന്നത്.

പിന്നീട് സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുതതിരുന്നു. തുടര്‍ന്ന് ഷൈജ കോടതിയില്‍ ഹാജരാകുകയും ജാമ്യം ലഭിക്കുകയുമായിരുന്നു.

Similar News