പതിമൂന്നുകാരനെ പീഡിപ്പിച്ച 60 കാരന് 50 വര്‍ഷം കഠിന തടവ്; രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു
പതിമൂന്നുകാരനെ പീഡിപ്പിച്ച 60 കാരന് 50 വര്‍ഷം കഠിന തടവ്
തിരുവനന്തപുരം: ഭാര്യയുടെ ബന്ധുവായ 13 കാരനെ നിരന്തരം പീഡിപ്പിച്ചുവന്ന 60 കാരനെ കോടതി വിവിധ വകുപ്പുകളിലായി 50 വര്‍ഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്.
കുട്ടിയുടെ മാതാപിതാക്കള്‍ അസുഖമായി ആശുപത്രിയിലായിരുന്നപ്പോല്‍ വീട്ടുകാര്‍ കുട്ടിയെ പ്രതിയുടെ വീട്ടിലാണ് നിര്‍ത്തിയിരുന്നത്. ഇത് മുതലെടുത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നത്. പിന്നീടുളള ഓണം, ഈസ്റ്റര്‍ അവധിക്കാലത്തും കുട്ടി പീഡിപ്പിക്കപ്പെട്ടു. അടുത്ത ഓണത്തിന് പ്രതിയുടെ വീട്ടില്‍ പോകാന്‍ തയ്യാറെടുക്കവെ കുട്ടി കടുത്ത അസ്വസ്ഥതയും എതിര്‍പ്പും പ്രകടിപ്പിച്ചു. ഇത് കണ്ട് കുട്ടിയുടെ അമ്മൂമ്മ വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ. കെ. അജിത് പ്രസാദ് ഹാജരായി.