മതില്‍ ചാടിയും പൂട്ടു തകര്‍ത്തും വിശാലമായി തെരഞ്ഞും മോഷണം; ഒന്നും കിട്ടാതെ പോയ കള്ളനെ അവസാനം തുണച്ചത് കുടത്തിലെ നിധി; ഒരു കുന്തവും കിട്ടാതെ വന്ന കളളന്‍ പോയത് രണ്ടു കിലോ കുടംപുളിയുമായി
ഒരു കുന്തവും കിട്ടാതെ വന്ന കളളന്‍ പോയത് രണ്ടു കിലോ കുടംപുളിയുമായി
അടൂര്‍: മോഷണത്തിന് വന്ന കള്ളന്‍ ഏറെ പണിപ്പെട്ടെങ്കിലും വീട്ടില്‍ നിന്നും ഒന്നും കിട്ടാതെ വന്നപ്പോള്‍ രണ്ടു കിലോ കുടംപുളിയുമായി കടന്നു. വന്‍ തുക കിട്ടിയില്ലെങ്കിലും മെനക്കേട് കൂലിക്ക് ഇരിക്കട്ടെ എന്നു കരുതിയാകണം കുടംപുളിയുമായി പോയതെന്ന് വീട്ടുകാര്‍ പറയുന്നു.
അറുകാലിക്കല്‍ പടിഞ്ഞാറ് കാര്‍ത്തികയില്‍ ജി. വിജയന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്. കഴിഞ്ഞ മാസം എട്ടുമുതല്‍ വിജയനും ഭാര്യയും തിരുവനന്തപുരത്ത് മകന്റെ വീട്ടിലായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്. സമീപത്തെ വീട്ടിലെ പണിയായുധമെടുത്ത് മതില്‍ ചാടി വന്നാണ് വാതിലിന്റെ പുട്ടു തകര്‍ത്തിട്ടുള്ളത്.
മതില്‍ ചാടിക്കടന്നാണ് മോഷ്ടാവ് വന്നത്. പണിയായുധം വച്ച് വാതിലിന്റെ പൂട്ടു തകര്‍ത്തു. എന്തെങ്കിലും കനത്തില്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ മുറികള്‍ എല്ലാം പരിശോധിച്ചു. അലമാരകളിലെ സാധന സാമഗ്രികള്‍ വാരിവലിച്ചിട്ടു. കിടക്കകള്‍ മറിച്ചിട്ടു നോക്കി. എല്ലാ കണക്കു കൂട്ടലും തകിടം മറിഞ്ഞു. മുറികളില്‍ ഒന്നും ഇല്ലെന്ന് കണ്ടപ്പോള്‍ കള്ളന്‍ അടുക്കളയിലേക്ക് വച്ചു പിടിച്ചു.
അരിക്കലവും ചാരവുമൊക്കെ ചികഞ്ഞു നോക്കി. ഒന്നും കിട്ടിയില്ല. അപ്പോഴാണ് കനത്തില്‍ ഒരു കലം കണ്ടത്. പൊക്കി നോക്കിയപ്പോള്‍ നല്ല തൂക്കം. തുറന്നു നോക്കി. രണ്ട് കിലോയോളം ഉണക്കി വച്ചിരിക്കുന്ന കുടം പുളി. കുടംപുളിക്ക് നല്ല വിലയാണ്. കണക്കു കൂട്ടി നോക്കിയപ്പോള്‍ മെനക്കേട് കൂലി കിട്ടുമെന്ന് കരുതിക്കാണണം. കലം കുപ്പയില്‍ ഉപേക്ഷിച്ച് കുടം പുളി സഞ്ചിയിലാക്കി കള്ളന്‍ സ്ഥലം കാലിയാക്കി. വില പിടിപ്പുള്ളതൊന്നും മോഷണം പോയിട്ടില്ലെന്നും കുടംപുളി മാത്രമാണ് നഷ്ടപ്പെട്ടതെന്നും വീട്ടുടമ വിജയന്‍ പറഞ്ഞു. അടൂര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികളെടുത്തു.