ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്തു വിസയും ടിക്കറ്റും എടുത്തു നല്‍കും; കൂട്ടുകാര്‍ക്കു നല്‍കാനുള്ള സാധനങ്ങളെന്ന വ്യാജേന ഇവരെ ഉപയോഗിച്ച് ലഹരി കടത്തും: സംഘത്തിലെ പ്രധാനി അറസ്റ്റില്‍: റഷീദിന്റെ കെണിയില്‍ വീണ് ഗള്‍ഫ് നാടുകളിലെ ജയിലിലായത് നിരവധി പേര്‍

ഗൾഫിലേക്ക് ലഹരിക്കടത്ത്; യുവാവ് അറസ്റ്റിൽ

Update: 2025-03-05 00:28 GMT

ചെറുതോണി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരപരാധികളെ കെണിയില്‍ വീഴ്ത്തിയ ശേഷം ഗള്‍ഫ് രാജ്യങ്ങളിലേക്കു കഞ്ചാവും മറ്റു ലഹരിവസ്തുക്കളും കയറ്റി അയയ്ക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി കെ.പി.റഷീദിനെയാണ് (30) ഇടുക്കി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2019 മുതല്‍ വിദേശത്തായിരുന്ന റഷീദിനെ കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ ഇടുക്കി ക്രൈംബ്രാഞ്ച് സിഐ ഇ.എസ്.സാംസന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

ഗള്‍ഫ് ജീവിതം സ്വപ്‌നം കണ്ട് വിമാനം കയറിയ നിരപരാധികളായ നിരവധി പേരാണ് റഷീദിന്റെ കെണിയില്‍ വീണ് ഗള്‍ഫിലെ ജയിലിലായത്. ഗള്‍ഫില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജോലി വാഗ്ദാനം ചെയ്തു വീസയും ടിക്കറ്റും എടുത്തുകൊടുത്തശേഷം ഇവരെ ഉപയോഗിച്ച് കഞ്ചാവും ലഹരിവസ്തുക്കളും കടത്തുന്ന രീതിയായിരുന്നു സംഘത്തിന്റേതെന്നു പൊലീസ് പറഞ്ഞു. കൂട്ടുകാര്‍ക്കു ചിപ്‌സും വസ്ത്രങ്ങളും കൊടുക്കണമെന്ന വ്യാജേന വിമാനത്താവളത്തില്‍ വച്ചു കഞ്ചാവും ലഹരിവസ്തുക്കളും കൈമാറുന്നതായിരുന്നു രീതി. ഗള്‍ഫ്ില്‍ വിമാനമിറങ്ങിയതിന് പിന്നാലെ അവിടുത്തെ പോലിസിന്റെ പിടിയിലാകുന്നതോടെയാണ് റഷീദിന്റെ ചതി മനസ്സിലാക്കുന്നത്.

നിരപരാധി ജയിലില്‍ കിടന്നത് 5 വര്‍ഷം

റഷീദിന്റെ ചതിയില്‍പ്പെട്ട് രാജാക്കാട് സ്വദേശിയായ യുവാവ് അഞ്ചു വര്‍ഷമാണ് ജയിലില്‍ കിടന്നത്. 2018ല്‍ രാജാക്കാട് സ്വദേശി അഖിലിനു റഷീദ് ജോലി വാഗ്ദാനം ചെയ്ത് ദുബായിലേക്കുള്ള വീസയും ടിക്കറ്റും നല്‍കി. ദുബായിലുള്ള സുഹൃത്തിനു നല്‍കാനുള്ള സാധനങ്ങള്‍ എന്ന വ്യാജേന 5 കിലോ കഞ്ചാവും കൈമാറി. ഇതറിയാതെ യാത്ര ചെയ്ത അഖിലിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. കോടതി 10 വര്‍ഷം തടവും വിധിച്ചു.

രാജാക്കാട് പൊലീസില്‍ അഖിലിന്റെ ബന്ധുക്കള്‍ പരാതി നല്‍കി. പിന്നീടു കേസിലെ ഒന്നാം പ്രതി എറണാകുളം സ്വദേശി അന്‍സാഫിനെയും രണ്ടാം പ്രതി കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി റഹീസിനെയും നാലാം പ്രതി കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി റിയാസിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 5 വര്‍ഷം കഴിഞ്ഞപ്പോള്‍ അഖിലിനു ശിക്ഷയിളവ് ലഭിച്ചു. എന്നാല്‍ കോട്ടയം സ്വദേശി ഇപ്പോഴും ദുബായ് ജയിലില്‍ ഉണ്ടെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.

Tags:    

Similar News