ആറ്റുകാല്‍ പൊങ്കാല: ഹരിതചട്ടം കര്‍ശനമാക്കി; #25 കിലോയോളം പ്ലാസ്റ്റിക്, നിരോധിത ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി ഹരിതചട്ടം കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ക്ഷേത്ര വളപ്പിലെ താത്കാലിക സ്റ്റാളുകളിലും ഉത്സവ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലും ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡും കോര്‍പ്പറേഷനും സംയുക്തമായി പരിശോധന നടത്തി. പരിശോധനയില്‍ 25 കിലോയോളം പ്ലാസ്റ്റിക്, നിരോധിത ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. ജില്ലാ ശുചിത്വമിഷന്‍ ടീം, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
കോര്‍പ്പറേഷന്‍ പരിധിയിലെ ഹോട്ടലുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ പരിശോധിച്ച് സ്പോര്‍ട്ട് ഫൈന്‍ ഈടാക്കുകയും ചട്ടലംഘനത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു.
ജില്ലാ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി പരിശോധനകള്‍ കര്‍ശനമാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.