പാലക്കാട് നിന്നും ട്രെയിന്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ നിര്‍ണായകമായി; കോഴിക്കോട് സൈനിക സ്‌കൂളില്‍ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി

കോഴിക്കോട് സൈനിക സ്‌കൂളില്‍ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി

Update: 2025-03-31 16:52 GMT

കോഴിക്കോട്: കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂളിലെ ഹോസ്റ്റലില്‍ നിന്ന് കാണാതായ 13 കാരനെ കണ്ടെത്തി. ബീഹാര്‍ സ്വദേശിയായ ആണ്‍കുട്ടിയെ പൂനെയില്‍ നിന്നാണ് പൊലീസ് സംഘം കണ്ടെത്തിയത്. മാര്‍ച്ച് 24നാണ് കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് കാണാതാകുന്നത്. ബിഹാര്‍ സ്വദേശിയായ സന്‍സ്‌കാര്‍ കുമാര്‍ ആണ് ഹോസ്റ്റല്‍നിന്ന് പോയത്. തുടര്‍ന്ന് കുട്ടിയെ കാണാതായ സംഭവത്തില്‍ ഹോസ്റ്റല്‍ അധികൃതര്‍ പരാതി നല്‍കുകയായിരുന്നു.

ഹോസ്റ്റലില്‍ നിന്ന് നടന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്ക് പോയെന്ന് പൊലീസ് കണ്ടെത്തി. പൂനെയിലേക്ക് പോകുമെന്ന് കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ധന്‍ബാദ്, പൂണെ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

അതി സാഹസികമായാണ് കുട്ടി ഹോസ്റ്റലില്‍ നിന്നും ചാടിപ്പോയത്. പുലര്‍ച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ നിന്നും കേബിളില്‍ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്. കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നെന്നും സ്‌കൂളില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പൂനെയിലുള്ളതായുള്ള വിവരം ലഭിച്ചത്. ഇക്കഴിഞ്ഞ 24ന് പാലക്കാട് നിന്ന് കന്യാകുമാരി -പൂനെ എക്‌സ്പ്രസില്‍ കുട്ടി കയറിയതിന്റെ വിവരം പൊലീസ് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പൂനെയില്‍ നിന്ന് കണ്ടെത്താനായത്. രണ്ടു ദിവസം മുമ്പാണ് പാലക്കാട് നിന്നും ട്രെയിന്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിക്കുന്നത്. ഇതാണ് കുട്ടിയെ കണ്ടെത്താന്‍ നിര്‍ണായകമായത്.

Similar News