പെന്‍ഡ്രൈവ് കൊണ്ടുവരണം; 15 രൂപയും തരണം; എങ്കില്‍ എമ്പുരാന്‍ വ്യാജ പതിപ്പ് കിട്ടും; സിനിമയുടെ വ്യാജ പതിപ്പ് നല്‍കിയിരുന്ന യുവതി കസ്റ്റഡിയില്‍

Update: 2025-04-02 04:29 GMT

കണ്ണൂര്‍: എമ്പുരാന്‍ സിനിമയുടെ അനധികൃത പകര്‍പ്പുകൾ വിതരണം ചെയ്ത സംഭവത്തിൽ കണ്ണൂരിലെ പാപ്പിനിശ്ശേരിയിൽ പ്രവർത്തിക്കുന്ന തമ്പുരു കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തിൽ പൊലീസ് റെയ്ഡ്. പരിശോധനയില്‍ സിനിമയുടെ വ്യാജപതിപ്പുകൾ കണ്ടെത്തിയതോടെ സ്ഥാപനത്തിലെ ജീവനക്കാരിയായ കീരിയാട് സ്വദേശി രേഖയെ കസ്റ്റഡിയിലെടുത്തു.

സിറ്റി പൊലീസ് കമ്മിഷണര്‍ പി. നിധിന്‍രാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 15 രൂപയ്ക്ക് പെന്‍ഡ്രൈവില്‍ സിനിമ പകര്‍ത്തി നല്‍കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്.

സ്ഥാപനത്തിൽ പരിശോധന നടത്തുന്നതിനിടെ, ഹാര്‍ഡ് ഡിസ്‌കും ലാപ്‌ടോപ്പുകളും കസ്റ്റഡിയിലെടുത്തതായും അധികൃതര്‍ അറിയിച്ചു. ഇന്റര്‍നെറ്റ്, ഫോട്ടോസ്റ്റാറ്റ്, ലാമിനേഷന്‍, പ്രിന്റിങ് സേവനങ്ങൾ നടത്തുന്ന ഈ സ്ഥാപനത്തിന്റെ ഉടമ പാപ്പിനിശ്ശേരി സ്വദേശി പ്രേമന്‍ ആണെന്നും, സംഭവത്തില്‍ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    

Similar News