യാത്രയ്ക്കിടെ തളര്‍ന്ന് വീണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ബസ് ഓടിച്ച് ഡ്രൈവറെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് യാത്രക്കാരന്‍

യാത്രയ്ക്കിടെ തളര്‍ന്ന് വീണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍

Update: 2025-04-02 00:32 GMT

നെടുമ്പാശേരി: യാത്രയ്ക്കിടെ ബസില്‍ തളര്‍ന്ന് വീണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍. ശരീരംതളര്‍ന്ന് വീണെങ്കിലും അദ്ദേഹത്തിന് വാഹനം റോഡരികില്‍ ഒതുക്കി നിര്‍ത്താനായതിനാല്‍ അപകടം ഒഴിവായി. 56 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ വീണു പോയതോടെ ബസില്‍ സഞ്ചരിച്ചിരുന്നവരിലൊരാള്‍ ബസ് ഓടിച്ച് ഡ്രൈവറെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചതിനാല്‍ ഡ്രൈവര്‍ക്കും രക്ഷയായി. ഒരു നന്ദി വാക്കു കേള്‍ക്കാന്‍പോലും കാത്തുനില്‍ക്കാതെ അദ്ദേഹവും മറ്റു യാത്രക്കാരോടൊപ്പം ആശുപത്രിയില്‍ നിന്നു പോയി.

ഇരിങ്ങാലക്കുട ഡിപ്പോയിലെ മുണ്ടക്കയം-തൃശൂര്‍-എറണാകുളം റൂട്ടില്‍ ഓടുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ഡ്രൈവറാണ് ജോലിക്കിടെ തളര്‍ന്ന് വീണത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ നെടുമ്പാശേരി കരിയാട് കവലയ്ക്ക് സമീപമാണു തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബസ് പണിപ്പെട്ട് നിര്‍ത്തിയത്. ഡ്രൈവറെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ബസിലുണ്ടായിരുന്ന, ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉള്ള യാത്രക്കാരന്‍ ബസ് ഓടിക്കാമെന്ന് അറിയിച്ചതും ബസ് ഉടനടി ആശുപത്രിയിലേക്ക് പായിച്ചതും.

ദേശം സിഎ ആശുപത്രിയില്‍ ബസെത്തിച്ച് ഡ്രൈവറെ പ്രവേശിപ്പിച്ചു. പനിയും ഉയര്‍ന്ന രക്തസമ്മര്‍ദവും ഷുഗര്‍നില താഴ്ന്നതുമായിരുന്നു ഡ്രൈവറുടെ തളര്‍ച്ചയ്ക്കു കാരണം. യാത്രക്കാര്‍ മറ്റു ബസുകളില്‍ പോയതിനോടൊപ്പം ബസ് ഓടിച്ച യാത്രക്കാരനും പോവുകയായിരുന്നു.

Tags:    

Similar News