മുണ്ടക്കൈയില്‍ പുതുജീവിതം; ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട വീടുകള്‍ കൈമാറി മുഖ്യമന്ത്രി

Update: 2026-03-01 07:01 GMT

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ജനതയ്ക്ക് പുതുജീവിതത്തിന്റെ തണലൊരുക്കി സര്‍ക്കാര്‍. കല്‍പ്പറ്റയില്‍ അതിവേഗം പൂര്‍ത്തിയാക്കിയ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങള്‍ക്കാണ് പുതിയ വീടുകളുടെ താക്കോല്‍ കൈമാറിയത്.

2024 ജൂലൈ 29-ലെ ആ കറുത്ത രാത്രിയില്‍ പുഞ്ചിരിമട്ടം പൊട്ടിയൊലിച്ചപ്പോള്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ഒരു ജനതയുടെ ഏറ്റവും വലിയ ആഗ്രഹം വീണ്ടും ഒരുമിച്ച് ജീവിക്കണമെന്നായിരുന്നു. ആ സ്വപ്നത്തിനാണ് ഇപ്പോള്‍ ചിറക് മുളച്ചിരിക്കുന്നത്. 1000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീടിനൊപ്പം ഏഴ് സെന്റ് ഭൂമിയുടെ പട്ടയവും കുടുംബങ്ങള്‍ക്ക് ലഭിച്ചു. നിര്‍മ്മാണം ആരംഭിച്ച് വെറും 320-ാം ദിനത്തിലാണ് ഇത്രയും വീടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ വാക്കുപാലിച്ചത്.

കേവലം വീടുകള്‍ മാത്രമല്ല, ഒരു ആധുനിക നഗരത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഈ ടൗണ്‍ഷിപ്പിലുണ്ട്. ചുറ്റുമതില്‍, ഗേറ്റ്, 11.42 കിലോമീറ്റര്‍ നീളമുള്ള റോഡുകള്‍, ഭൂഗര്‍ഭ വൈദ്യുത-ജലവിതരണ സംവിധാനം, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, സോളാര്‍ പാനലുകള്‍ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. 64.47 ഹെക്ടറില്‍ ആകെ 410 വീടുകളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ 304 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഏപ്രില്‍ മാസത്തോടെ ബാക്കിയുള്ള വീടുകളും കുടുംബങ്ങള്‍ക്ക് കൈമാറാനാണ് സര്‍ക്കാരിന്റെ നീക്കം.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുമായുള്ള ഇ.പി.സി കരാറിലൂടെ 299 കോടി രൂപ ചിലവഴിച്ചാണ് ഈ ബൃഹത് പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യകേന്ദ്രം, അങ്കണവാടി, കമ്മ്യൂണിറ്റി സെന്റര്‍, ലൈബ്രറി, കളിയിടങ്ങള്‍ എന്നിവയ്ക്കു പുറമെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ സ്മരണയ്ക്കായി ഒരു സ്മാരകവും ഇവിടെ ഉയരും. ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്കിടയിലും അതിജീവനത്തിന്റെ കരുത്തുറ്റ മാതൃകയാവുകയാണ് ഈ പുതിയ ടൗണ്‍ഷിപ്പ്.

Similar News