'ലാഭനഷ്ടം നോക്കാതെ പ്രസ്ഥാനത്തെ സംരക്ഷിച്ചു'; നിയമസഭാ കൈയാങ്കളിയില്‍ സതീശന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി

Update: 2026-03-01 06:52 GMT

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ ബജറ്റ് അവതരണത്തിനിടെ ഉണ്ടായ പ്രതിഷേധം വ്യക്തിപരമായ ലാഭനഷ്ടം നോക്കാതെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള ചുമതലയുടെ ഭാഗമായിരുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നിയമസഭയുടെ മേശപ്പുറത്ത് കയറി സഭ അലങ്കോലപ്പെടുത്തിയ ആളാണ് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിഹാസത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എ.കെ.പി.സി.ടി.എ. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

'നിയമസഭയ്ക്കുള്ളില്‍ ഒരിക്കല്‍ ഒരു പ്രശ്‌നമുണ്ടായി എന്നത് ശരിയാണ്. അതൊരു പ്രത്യേക സാഹചര്യത്തിലായിരുന്നു. സ്വന്തം പ്രസ്ഥാനത്തെ സംരക്ഷിക്കേണ്ടി വരുമ്പോള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ നോക്കാറില്ല,' മന്ത്രി വ്യക്തമാക്കി. സഭയിലെ പെരുമാറ്റത്തെച്ചൊല്ലി പ്രതിപക്ഷം നിരന്തരം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കുള്ള രാഷ്ട്രീയ മറുപടിയായാണ് ശിവന്‍കുട്ടിയുടെ ഈ വിശദീകരണം. എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകങ്ങളില്‍ ചരിത്രത്തെ വക്രീകരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഗാന്ധിവധം, ഗുജറാത്ത് കലാപം, മുഗള്‍ ഭരണം എന്നിവയൊക്കെ ഒഴിവാക്കി പാഠപുസ്തകങ്ങളില്‍ തോന്ന്യാസം എഴുതിവെക്കാനാണ് കേന്ദ്ര നീക്കം. ഇതിനെതിരെ ബദല്‍ പാഠപുസ്തകങ്ങള്‍ ഇറക്കിയ ഏക സംസ്ഥാനം കേരളമാണെന്നും ഉന്നതവിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News