സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇച്ഛാശക്തികൊണ്ടാണ് വയനാട് ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാക്കിയത്; ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല: മന്ത്രി കെ രാജന്‍
കല്‍പ്പറ്റ: സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇച്ഛാശക്തികൊണ്ടാണ് വയനാട് ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമായതെന്ന് മന്ത്രി കെ രാജന്‍. വയനാട് പുനരധിവാസം സൃഷ്ടിച്ചത് പുതിയ മാതൃകയാണ്. സ്വന്തമായി ഒരു നഗരമുണ്ടാക്കി. ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ലെന്നും കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണെന്നും അദ്ദേം പറഞ്ഞു. മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കുന്ന വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനത്തില്‍ അധ്യക്ഷ പ്രസം?ഗം നടത്തുകയായിരുന്നു അദ്ദേഹം.
വെറുമൊരു വീടു നിര്‍മാണമല്ല, മറിച്ച് 'ഡിസാസ്റ്റര്‍ എന്‍ജിനീയറിംഗ്' രീതിയിലാണ് വീടുകള്‍ പണിയുന്നത്. പത്തടി താഴ്ചയില്‍ പില്ലറുകള്‍ താഴ്ത്തിയാണ് വീടിന്റെ നിര്‍മാണം നടത്തുന്നത്. പുത്തുമലയില്‍ നിന്നും ചൂരല്‍മലയില്‍ നിന്നും വന്ന ആളുകള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാനാണ് ഈ രീതി സ്വീകരിച്ചിരിക്കുന്നത്. പുതിയ വീടുകളിലേക്ക് മാറി താമസം സുരക്ഷിതമാകുന്നത് വരെ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന വാടകയും പ്രതിദിന സഹായധനവും തുടരും. പുഞ്ചിരിമുറ്റത്ത് ഉരുള്‍പൊട്ടിയ മനുഷ്യര്‍ക്ക് പുഞ്ചിരിതൂകാന്‍ പറ്റിയ മുറ്റം ഉണ്ടാക്കി കൊടുത്താണ് സര്‍ക്കാര്‍ താക്കോല്‍ കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.