ജോസ് കെ മാണി അഭിനയം അവസാനിപ്പിക്കണം; വഖഫിലെ വഞ്ചനയ്ക്ക് മാപ്പ് പറയണമെന്ന് എന്‍ ഹരി
കോട്ടയം : വഖഫ് നിയമഭേദഗതിയെ പൂര്‍ണ്ണമായി തള്ളിക്കളയുകയും എന്നാല്‍ വിയോജിപ്പുണ്ടെന്ന് വരുത്തി തീര്‍ക്കാനുമുള്ള ജോസ് കെ മാണിയുടെ നീക്കം കേരള ജനതയുടെയും വിശ്വാസി സമൂഹത്തിന്റെയും സാമാന്യബോധത്തെ പരിഹസിക്കല്‍ ആണെന്ന് ബിജെപി നേതാവ് എന്‍.ഹരി ആരോപിച്ചു. കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പാരമ്പര്യം തൃണവല്‍ക്കരിച്ച് അധികാരത്തിന്റെ അപ്പക്കഷണത്തിനായി നിലയുറപ്പിക്കുന്ന ദയനീയ കാഴ്ചയാണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്.ഭരണമുന്നണിയായ സിപിഎമ്മിന്റെ താല്പര്യങ്ങള്‍ക്ക് ഒപ്പം തുള്ളുന്ന പാവയായി ജോസ് കെ മാണി മാറിയിരിക്കുന്നു.
മുനമ്പം ജനതയുടെ കണ്ണീരിന് വിലകല്‍പ്പിച്ചിരുന്നുവെങ്കില്‍ വഖഫ് ബില്ലിനെ പൂര്‍ണ്ണമായി സ്വാഗതം ചെയ്തു ക്രൈസ്തവ സഭകള്‍ക്കൊപ്പം ജോസ് കെ മാണി നിലയുറപ്പിക്കുമായിരുന്നു. എന്നാല്‍ ഒരു ഭേദഗതിയെ മാത്രം അനുകൂലിച്ചു എന്നു വരുത്തി ബില്ലിനെ പൊതുവില്‍ എതിര്‍ക്കുകയാണ് ജോസ് കെ മാണി ചെയ്തത്. ഇതിനു സമാനമായ നിലപാടാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഫ്രാന്‍സിസ് ജോര്‍ജ് ലോക്‌സഭയില്‍ ആവര്‍ത്തിച്ചത്. ഇരുവരും പാര്‍ലമെന്റില്‍ ബില്ലിനെ അനുകൂലിച്ചില്ല എന്നതാണ് വാസ്തവം. വഖഫ് കിരാത നിയമത്തില്‍ ബലിയാടായവരുടെ ജീവല്‍പ്രശ്‌നത്തിനു പോലും വിലകല്‍പ്പിക്കാതെ രാഷ്ട്രീയഅന്ധത ബാധിച്ചിരിക്കുകയാണ് കേരള കോണ്‍ഗ്രസുകള്‍ക്ക്. ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ജോസ് കെ മാണി പരാജയപ്പെട്ടിരിക്കുന്നു. ആ തെറ്റ് ഏറ്റുപറഞ്ഞ് കേരള ജനതയോടും വിശ്വാസി സമൂഹത്തോടും മാപ്പ് പറയാന്‍ തയ്യാറുണ്ടോ. ജനവഞ്ചനയുടെ ആള്‍രൂപമായി ജോസ് കെ മാണി മാറിയിരിക്കുന്നു-ഹരി പറഞ്ഞു.
ഇക്കാര്യത്തില്‍ ജോസ് കെ മാണിയുടെ നിലപാട് എന്താണെന്ന് കേരള സമൂഹത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ രാജ്യം പ്രതീക്ഷയോടെ കണ്ട ബില്ലിനെ എതിര്‍ക്കുകയാണ് ജോസ് കെ മാണി ചെയ്തത്. ക്രൈസ്തവസഭകള്‍ ബില്ലിനെ സ്വാഗതം ചെയ്യുകയും അനുകൂലിച്ചു വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തതാണ്. വഖഫ് ഭേദഗതി ബില്‍ ഇരുസഭകളും പാസാക്കിയപ്പോള്‍ സീറോ മലബാര്‍ സഭ സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാല്‍ കേരള കോണ്‍ഗ്രസ് എംപിമാരായ ജോസ് കെ മാണിയും ഫ്രാന്‍സിസ് ജോര്‍ജും തങ്ങളുടെ മുന്നണികളെ തൃപ്തിപ്പെടുത്താനായി അഴകൊഴമ്പന്‍ നിലപാട് സ്വീകരിച്ചുവെന്നാണ് വിമര്‍ശനം.