കോട്ടുക്കല്‍ ക്ഷേത്രോത്സവത്തില്‍ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണം; ക്ഷേത്ര പരിസരത്ത് ആര്‍.എസ്.എസിന്റെ കൊടി തോരണങ്ങള്‍ കെട്ടിയതും ഗൗരവത്തോടെ കാണണമെന്ന് വി ഡി സതീശന്‍
കോട്ടുക്കല്‍ ക്ഷേത്രോത്സവത്തില്‍ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തില്‍ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ച സംഭവം അതീവ ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രങ്ങള്‍ രാഷ്ട്രീയ പരിപാടികള്‍ക്ക് വേദികളാക്കരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് തിരുവിതാംകൂര്‍ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രത്തില്‍ നിയമലംഘനമുണ്ടായത്. ക്ഷേത്ര പരിസരത്ത് ആര്‍.എസ്.എസിന്റെ കൊടി തോരണങ്ങള്‍ കെട്ടിയതും ഗൗരവത്തോടെ കാണണം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ അടിയന്തിരമായി കര്‍ശന നടപടി സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തയാറാകണം.
കടയ്ക്കല്‍ ക്ഷേത്രത്തില്‍ സി.പി.എം ഭരണസമിതി ചെയ്ത അതേ നിയമ വിരുദ്ധ പ്രവര്‍ത്തനമാണ് കോട്ടുക്കല്‍ ക്ഷേത്രത്തില്‍ സംഘ്പരിവാര്‍ അനുകൂലികളും ചെയ്തത്. കേരളത്തിലെ ബി.ജെ.പിയും സി.പി.എമ്മും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് കൊല്ലം ജില്ലയിലെ ഈ രണ്ടു സംഭവങ്ങളും. ക്ഷേത്രോത്സവങ്ങള്‍ രാഷ്ട്രീയവത്ക്കരിക്കുന്നതിലൂടെ സംസ്ഥാനത്ത് സംഘ്പരിവാറിനും ബി.ജെ.പിക്കും സി.പി.എം ഇടമുണ്ടാക്കിക്കൊടുക്കുകയാണെന്ന് നേരത്തെ തന്നെ യു.ഡി.എഫ് വ്യക്തമാക്കിയതാണ്. യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും ആരോപണം ശരിവയ്ക്കുന്ന സംഭവമാണ് കോട്ടുക്കല്‍ ക്ഷേത്രത്തില്‍ ഉണ്ടായത്.
ക്ഷേത്രങ്ങള്‍ വിശ്വാസികളുടേതാണ്. ക്ഷേത്രോത്സവങ്ങളെയും ക്ഷേത്ര പരിസരങ്ങളെയും രാഷ്ട്രീയവത്ക്കരിക്കുന്നത് സങ്കുചിത മനസുകളുടെ ചിന്താഗതിയാണ്. ഇതിനെതിരെ ഒരു നിമിഷം പോലും താമസിക്കാതെ കര്‍ശന നടപടിയുണ്ടാകണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.