ലഹരി കേസുകളില്‍ പെടുന്ന കുട്ടികളുടെ എണ്ണം കൂടുന്നു; മൂന്ന് വര്‍ഷത്തിനിടെ കേസില്‍പ്പെട്ടത് 170 കുട്ടികള്‍

ലഹരി കേസുകളില്‍ പെടുന്ന കുട്ടികളുടെ എണ്ണം കൂടുന്നു

Update: 2025-04-08 02:15 GMT

കാളികാവ്: സംസ്ഥാനത്ത് ലഹരിക്കടത്തിനും ഉപയോഗത്തിനും പിടിയിലാകുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. 2022 മുതല്‍ 170 കുട്ടികളാണ് ഇത്തരം കേസുകളില്‍ പിടിയിലായത്. കേസിന്റെ സ്വഭാവവും ഗുരുതരസാഹചര്യവും പരിഗണിച്ചാണ് മൂന്നുവര്‍ഷത്തിനിടയില്‍ 170 കുട്ടികളുടെ പേരില്‍ കേസെടുത്തത്. 2022-ല്‍ 40, 2023-ല്‍ 39, 2024-ല്‍ 55 കേസുകളാണ് കുട്ടികളുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇക്കൊല്ലം രണ്ടുമാസത്തിനിടെ 36 ലഹരിക്കേസുകള്‍ കുട്ടികളുടെ പേരിലെടുത്തു.

സാധാരണ ഇത്തരം കേസുകളില്‍ 18 തികയാത്തവരുടെ പേരില്‍ പരമാവധി നിയമനടപടി സ്വീകരിക്കാറില്ല. ഇത് ലഹരിക്കടത്തുകാര്‍ ദുരുപയോഗം ചെയ്യുന്നതോടെയാണ് കുട്ടികള്‍ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത്. കുട്ടികള്‍ പിടിയിലാകുന്ന കേസുകളില്‍ മിക്കതിലും രക്ഷിതാക്കളെ വിളിച്ച് താക്കീതുചെയ്ത് വിട്ടയക്കാറാണ് പതിവ്. കൗണ്‍സലിങ് നല്‍കി തിരുത്താനും ശ്രമിക്കും. ഗുരുതരസ്വഭാവമുള്ള കുറ്റങ്ങളില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കും. മൂന്നുവര്‍ഷത്തിനിടെ 170 കേസുകളില്‍ 86 കുട്ടികള്‍ക്കെതിരേ നടപടി സ്വീകരിച്ചു.

പണം നല്‍കി പ്രലോഭിപ്പിച്ചാണ് കുട്ടികളെ ലഹരിസംഘങ്ങള്‍ ഉപയോഗിക്കുന്നത്. ലഹരിക്കേസുകളില്‍ പിടിയിലാകുന്ന കുട്ടികള്‍ വീണ്ടും സമാന കേസുകളില്‍പ്പെടുന്നുണ്ട്. പേരുപോലും പുറത്തുവിടാന്‍ പറ്റാത്തതിനാല്‍ ഈ വിവരം പുറംലോകം അറിയുന്നില്ലെന്നും എക്‌സൈസ് അധികൃതര്‍ പറയുന്നു.

പ്രായപൂര്‍ത്തിയായവര്‍ ലഹരിക്കേസുകളില്‍ പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ നേരിടുന്നുണ്ട്. ലഹരി ഉപയോഗത്തിനുമാത്രം മൂന്നുമാസം തടവുണ്ട്. എംഡിഎംഎ കേസുകളില്‍ അഞ്ചുഗ്രാം മുതല്‍ 10 ഗ്രാം വരെ കൈവശംവെക്കുന്നവരുടെ റിമാന്‍ഡ് കാലാവധി 90 ദിവസം വരെയാണ്. 10 ഗ്രാമിനു മുകളിലുണ്ടെങ്കില്‍ 180 ദിവസംവരെ റിമാന്‍ഡ്‌ചെയ്യാം. കുറ്റപത്രം സമര്‍പ്പിച്ചാല്‍ റിമാന്‍ഡ് കാലയളവില്‍ത്തന്നെ വിചാരണ നേരിടുകയും വേണം.

Tags:    

Similar News