ആര്‍ത്തവം; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പരീക്ഷാ ഹാളില്‍ വിലക്ക്; കുട്ടി പരീക്ഷ എഴുതിയത് ക്ലാസിനു വെളിയില്‍ തറയിലിരുന്ന്: വീഡിയോ വൈറലായതിന് പിന്നാലെ പ്രിന്‍സിപ്പളിനെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്
ആര്‍ത്തവം; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പരീക്ഷാ ഹാളില്‍ വിലക്ക്
പൊള്ളാച്ചി: ആര്‍ത്തവത്തിന്റെ പേരില്‍ ദലിത് വിദ്യാര്‍ഥിനിയെ പരീക്ഷാഹാളില്‍ നിന്നും വിലക്കി സ്‌കൂള്‍ അധികൃതര്‍. ക്ലാസില്‍ കയറുന്നതിനെ വിലക്കിയ അധ്യാപിക വെളിയില്‍ തറയിലിരുത്തിയാണ് എട്ടാം ക്ലാസുകാരിയെ പരീക്ഷ എഴുതിച്ചത്. പൊള്ളാച്ചി കിണത്തുകടവ് ശെങ്കുട്ടുപാളയത്തെ സ്വകാര്യ സ്‌കൂളിലാണു സംഭവം. പെണ്‍കുട്ടിയുടെ അമ്മ ചിത്രീകരിച്ച വീഡിയോ വൈറലായതോടെ സ്‌കൂള്‍ പ്രിന്‍സിപ്പളിനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.
കുട്ടിയുടെ പിതാവ് സുരേന്ദ്രരാജിന്റെ പരാതിയില്‍ സ്‌കൂള്‍ മാനേജര്‍ തങ്കവേല്‍ പാണ്ഡ്യന്‍, പ്രധാനാധ്യാപിക എം.ആനന്ദി, ഓഫിസ് അസിസ്റ്റന്റ് ശാന്തി എന്നിവര്‍ക്കെതിരെ എസ്എസി എസ്ടി ആക്ട് ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുത്തു. കുട്ടിക്ക് ആദ്യമായി ആര്‍ത്തവമുണ്ടായ വിവരം രക്ഷിതാക്കള്‍ അറിയിച്ചപ്പോള്‍ പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ എത്തിക്കാന്‍ അധ്യാപകര്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ ആറിന് പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ കുട്ടി കാലു വേദനിക്കുന്നതായും തറയിലിരുന്നാണു പരീക്ഷയെഴുതിയതെന്നും പറഞ്ഞു. അടുത്ത ദിവസവും കുട്ടിക്കൊപ്പം അമ്മയും സ്‌കൂളിലേക്ക് എത്തി. കുട്ടിയെ പുറത്തു നിലത്തിരുത്തി പരീക്ഷ എഴുതിക്കുന്നത് കണ്ട അമ്മ ഇതിന്റെ വീഡിയോ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.
അധ്യാപികയുടെ നിര്‍ദേശപ്രകാരമാണു പുറത്തിരുന്നതെന്നു പെണ്‍കുട്ടി പറയുന്നതും വിഡിയോയില്‍ കാണാം. വിശദമായ അന്വേഷണം നടത്താന്‍ കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ പവന്‍കുമാര്‍ ഗിരിയപ്പനവര്‍ ജില്ലാ പ്രിന്‍സിപ്പല്‍ എജ്യുക്കേഷന്‍ ഓഫിസര്‍ക്കു നിര്‍ദേശം നല്‍കി.