മാര്‍പാപ്പ സ്വപ്നം കണ്ടത് ലോകസമാധാനം; പാവങ്ങളുടെ പക്ഷത്ത് സഭ നിലയുറപ്പിക്കണമെന്നും ആഗ്രഹിച്ചു; മാര്‍പാപ്പയുടെ വിയോഗം ലോകത്തിന്റെയാകെ തീരനഷ്ടമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനി
മാര്‍പാപ്പ സ്വപ്നം കണ്ടത് ലോകസമാധാനം
കണ്ണൂര്‍: ലോകസമാധാനമെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ട് വച്ചതെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അനുസ്മരിച്ചു. തലശേരി ബിഷപ്പ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീനിലുള്‍പ്പെടെ യുദ്ധ കെടുതി മൂലം ദുരിതം അനുഭവിക്കുന്ന മനുഷ്യര്‍ക്കൊപ്പമാണെന്നും മാര്‍പാപ്പ നിലനിന്നിരുന്നത്. അത്തരം നിലപാട് സ്വീകരിച്ചപ്പോള്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ മാര്‍പാപ്പ കാര്യമായി പരിഗണിച്ചിരുന്നില്ലെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അനുസ്മരിച്ചു.
അധികാരസ്ഥാനത്ത് ഉള്ളവര്‍ ഏകപക്ഷിയമായി എടുക്കുന്നതല്ല സഭയുടെ തീരുമാനം. മറിച്ച് സഭയുടെ തീരുമാനം കൂട്ടായ്മയുടേയും പരസ്പര യോജിപ്പിന്റേതാകണമെന്നും പാവങ്ങളുടെ പക്ഷത്ത് സഭ നിലയുറപ്പിക്കണമെന്നും മാര്‍പാപ്പ ആഗ്രഹിച്ചു. ഇതരമതങ്ങളുമായി ക്രൈസ്തവര്‍ സൗഹൃദം സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു. മാര്‍പാപ്പയുടെ വിയോഗം ലോകത്തിന്റെയാകെ തീരനഷ്ടമെന്നും ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു.