സ്‌കൂള്‍ കുട്ടികളുടെ മുന്നിലിട്ട് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന സംഭവം; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
സ്‌കൂള്‍ കുട്ടികളുടെ മുന്നിലിട്ട് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന സംഭവം; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
കൊല്ലം: സ്‌കൂളില്‍നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന ഓട്ടോ ഡ്രൈവറെ കുട്ടികളുടെ മുന്നിലിട്ടു കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജിവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കൊറ്റങ്കര ചന്ദനത്തോപ്പ് ഫാത്തിമ മന്‍സിലില്‍ സാബു എന്ന സിയാദി(45)നെയാണ് ശിക്ഷിച്ചത്. ഒപ്പം വധശ്രമത്തിന് ഏഴുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ഒടുക്കണം. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ബിന്ദു സുധാകരനാണ് വിധി പ്രസ്താവിച്ചത്.
കിളികൊല്ലൂര്‍ ഭരത് നഗര്‍-47, ധന്യാമന്ദിരത്തില്‍ ധനീഷി(26)നെയാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ധനീഷിന്റെ ആശ്രിതരായ അച്ഛനും അമ്മയ്ക്കും നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും നിര്‍ദേശം നല്‍കി. ജനുവരി 29-നാണ് കേസിനാസ്പദമായ സംഭവം. കരിക്കോട്ടെ സ്‌കൂളില്‍ കുട്ടികളെ വിളിക്കാന്‍ വന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ ബദറുദ്ദീനും സിയാദും തമ്മില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബദറുദ്ദീനെ മര്‍ദിക്കുന്നതുകണ്ട് തടസ്സം പിടിക്കാന്‍ ചെന്നതായിരുന്നു ധനീഷ്. അവിടെ ഉണ്ടായിരുന്ന നൂറുദ്ദീനും ധനീഷും പ്രതിയെ തടഞ്ഞ് പോലീസ് വന്നിട്ട് പോയാല്‍ മതിയെന്നു പറഞ്ഞു. തുടര്‍ന്ന് പ്രതി കാറില്‍ കരുതിയിരുന്ന കത്തിയെടുത്ത് ധനീഷിനെയും നൂറുദ്ദീനെയും ബദറുദ്ദീനെയും കുത്തുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ കേസ്. നാട്ടുകാര്‍ ഇവരെ ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ധനീഷ് മരിച്ചു.
കിളികൊല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപുരം ഇന്‍സ്‌പെക്ടര്‍ വി.എസ്. പ്രദീപ്കുമാറാണ് ആദ്യം അന്വേഷണം നടത്തിയത്. സിയാദിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച പെരുമ്പുഴ സെറ്റില്‍മെന്റ് കോളനിയില്‍ അമ്പലവിള വീട്ടില്‍ സനീറിനെ രണ്ടാംപ്രതിയാക്കി. ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്തു. പിന്നീട് ഇരവിപുരം ഇന്‍സ്‌പെക്ടറായ ബി. പങ്കജാക്ഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജയാ കമലാസനന്‍ ഹാജരായി. സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷ് പ്രോസിക്യൂഷന്‍ സഹായിയായിരുന്നു.