വി.എസ് അച്യുതാനന്ദന്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്; എ.കെ ബാലനും ആനാവൂര്‍ നാഗപ്പനും പട്ടികയില്‍
വി.എസ് അച്യുതാനന്ദന്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്. ഇന്നു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം. വി.എസിനെ പ്രത്യേക ക്ഷണിതാവാക്കി നിലനിര്‍ത്തിയതില്‍ ചില ഭാഗങ്ങളില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സമയത്തും വി.എസിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. അന്നും വി.എസിനെ പ്രത്യേക ക്ഷണിതാവാക്കിയിരുന്നു. അതേ നിലപാടിലേക്കാണ് ഈ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുമ്പോഴും സിപിഎം നീങ്ങുന്നത്. അദ്ദേഹം വിശ്രമജീവിതത്തിലാണെങ്കിലും അദ്ദേഹത്തിന് ആദരവ് എന്ന നിലയില്‍കൂടിയാണ് പ്രത്യേക ക്ഷണിതാവാക്കി നിലനിര്‍ത്തുന്നതിന് തീരുമാനിച്ചിരിക്കുന്നത്.
പാലോളി മുഹമ്മദ്കുട്ടി, വൈക്കം വിശ്വന്‍, എം.എം മണി, കെ.ജെ തോമസ്, പി.കരുണാകരന്‍, എ.കെ ബാലന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരും പ്രത്യേക ക്ഷണിതാക്കളാണ്. കൊല്ലം സമ്മേളനത്തിന് പിന്നാലെ വി.എസ് അച്യുതാനന്ദനെ ക്ഷണിതാവാക്കാത്തത് സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് മാധ്യമങ്ങള്‍ ചോദ്യം ഉന്നയിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് എം.വി ഗോവിന്ദന്‍ അന്ന് വ്യക്തമാക്കിയത്.
നിലവില്‍ മകന്‍ അരുണ്‍കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് വി.എസ്. ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്ന് വി.എസ് പൊതുപരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല. എങ്കിലും അദ്ദേഹത്തിനുള്ള ആദരസൂചകമായാണ് പ്രത്യേക ക്ഷണിതാവാക്കിയത്.
75 വയസ് പ്രായപരിധിയെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ എ.കെ ബാലനും ആനാവൂര്‍ നാഗപ്പനുമാണ് പുതുതായി പ്രത്യേക ക്ഷണിതാവ് പട്ടികയില്‍ ഇടംപിടിച്ചത്. ബാക്കിയുള്ളവരെല്ലം കഴിഞ്ഞ തവണയും ക്ഷണിതാക്കളുടെ പട്ടികയിലുണ്ടായിരുന്നു. പ്രായ പരിധിയില്‍ ഒഴിവായവര്‍ക്ക് പരിഗണന നല്‍കുന്നതിനാണ് പാര്‍ട്ടി തീരുമാനം. പ്രായത്തിന്റെ മാനദണ്ഡം മാത്രം പരിഗണിച്ച് നേതാക്കളെ മാറ്റി നിര്‍ത്തേണ്ട എന്ന നിലപാടിലേക്കാണ് പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം സിപിഎം നീങ്ങുന്നത്.