പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റുമരിച്ച എന്‍. രാമചന്ദ്രന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി
പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റുമരിച്ച എന്‍. രാമചന്ദ്രന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി
കൊച്ചി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി രാമചന്ദ്രന്റെ വീട്ടിലെത്തിയത്. രാമചന്ദ്രന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചതിന് ശേഷം മുഖ്യമന്ത്രി മടങ്ങി.
കശ്മീരില്‍ വിനോദയാത്രയ്ക്കു പോയ എന്‍. രാമചന്ദ്രന്‍, ചൊവ്വാഴ്ചയാണ് മകളുടെയും കൊച്ചുമക്കളുടെയും മുന്നില്‍വെച്ച് ഭീകരരുടെ വെടിയേറ്റു മരിച്ചത്. ആക്രമണത്തില്‍ രാമചന്ദ്രന്‍ അടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്
വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കിടെ രാമചന്ദ്രന്റെ മൃതദേഹം വീട്ടില്‍നിന്ന് പുറത്തേക്കെടുത്തപ്പോള്‍ വര്‍ഗീയതയ്ക്കും ഭീകരതയ്ക്കും എതിരായ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നിരുന്നു. കുടുംബാഗങ്ങള്‍ അടക്കം ആ മുദ്രാവാക്യം ഏറ്റുവിളിച്ചു. ഭാരത് മാതാ കീ ജയ് വിളികളും ഉയര്‍ന്നു.
രാവിലെ ഏഴുമണിമുതല്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന പൊതുദര്‍ശനത്തില്‍ വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖരടക്കം ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. പിന്നീട് പത്തരയോടെ മങ്ങാട്ടുറോഡിലെ വസതിയിലെത്തിച്ച മൃതദേഹം കാണാന്‍ നിരവധി പേര്‍ ഒഴുകിയെത്തി. ശ്മശാനത്തിലേയ്ക്കുള്ള യാത്രയ്ക്കിടയിലും വഴിയരികില്‍ നൂറുകണക്കിനുപേര്‍ രാമചന്ദ്രന് വിടനല്‍കാന്‍ കാത്തുനിന്നിരുന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, എറണാകുളം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, നടന്‍ ജയസൂര്യ ഉള്‍പ്പെടെ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.