വയനാട് ചുരത്തില്‍ ആറ് എട്ട് വളവുകളുടെ വീതി കൂട്ടും; പശ്ചാത്തല വികസന മേഖലയില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Update: 2025-04-28 10:49 GMT

കോഴിക്കോട്: പശ്ചാത്തല വികസന മേഖലയില്‍ ആവശ്യമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കിയാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷം സര്‍ക്കാര്‍ മുന്‍പോട്ട് പോയതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരിച്ച ഈങ്ങാപ്പുഴ കാക്കവയല്‍ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വയനാട് ചുരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനു ആറ്, എട്ട് വളവുകളിലെ വീതി വര്‍ധിപ്പിക്കാന്‍ 38 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി മന്ത്രി പറഞ്ഞു. ലക്കിടി- അടിവാരം റോപ്പ് വേക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും പി.പി.പി മോഡലില്‍ തയ്യാറാവുന്ന പദ്ധതി ടൂറിസം-പശ്ചാത്തല വികസന മേഖലയില്‍ വലിയ നേട്ടമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലകളെയും കക്കാട് ഇക്കോ ടൂറിസത്തെയും വനപര്‍വ്വം ബയോഡൈവേഴ്‌സിറ്റി പാര്‍ക്കിനെയും നാഷണല്‍ ഹൈവേ 766 മായി ബന്ധിപ്പിക്കുന്ന ഈങ്ങാപ്പുഴ കാക്കവയല്‍ റോഡ് രണ്ട് ഘട്ടങ്ങളിലായി നാലു കോടി രൂപ മുടക്കിയാണ് നിര്‍മിച്ചത്.

2.670 കിലോമീറ്റര്‍ നീളവും അഞ്ചര മീറ്റര്‍ വീതിയുമാണുള്ളത്. 105 മീറ്റര്‍ നീളത്തില്‍ സംരക്ഷണ ഭിത്തി, റോഡിന്റെ ഇരുവശത്തുമായി നീളത്തില്‍ ഡ്രൈനേജ്, ഏഴു കലുങ്കുകള്‍, ആവശ്യമായ ഭാഗങ്ങളില്‍ സ്ലാബ് എന്നി നല്‍കികൊണ്ട് ബി എം, ബി സി നിലവാരത്തിലാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. റോഡ് സുരക്ഷ സംവിധാനങ്ങള്‍ക്കാവശ്യമായ റോഡ് മാര്‍ക്കിങ്ങുകളും സുരക്ഷ ക്രമീകരങ്ങള്‍ എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്.

ലിന്റോ ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ പി സുനീര്‍, പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ അമല്‍ രാജ്, ഡെന്നി വര്‍ഗീസ്, അമ്പുടു ഗഫൂര്‍, ബിജു ചേരപ്പനാല്‍, റോഡ്‌സ് സുപ്രണ്ടിങ് എഞ്ചിനീയര്‍ പി കെ മിനി, സംഘാടക സമിതി കണ്‍വീനര്‍ എം ഇ ജലീല്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ ആര്‍ ജല്‍ജിത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Similar News