ലോകോത്തര നിലവാരത്തില്‍ മലയാളത്തെക്കൊണ്ടെത്തിച്ച വ്യക്തിത്വം; മറ്റു ഭാഷകളില്‍ ചെല്ലുമ്പോള്‍ അഹങ്കാരത്തോടെ പറയാവുന്ന പേരാണ് നഷ്ടമായതെന്ന് ജയറാം
ലോകോത്തര നിലവാരത്തില്‍ മലയാളത്തെക്കൊണ്ടെത്തിച്ച വ്യക്തിത്വം
കൊച്ചി: വിഖ്യാത സംവിധായകന്‍ ഷാജി എന്‍.കരുണിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ ജയറാം. ലോകോത്തര നിലവാരത്തില്‍ മലയാളത്തേക്കൊണ്ടെത്തിച്ച വ്യക്തിത്വമാണ് ഷാജി എന്‍. കരുണ്‍. ഒരു നടനെന്ന നിലയ്ക്ക് എനിക്ക് കിട്ടിയ വലിയ മഹാഭാഗ്യങ്ങളിലൊന്നാണ് അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ പറ്റിയത്. മറ്റു ഭാഷകളില്‍ ചെല്ലുമ്പോള്‍ അഹങ്കാരത്തോടെ പറയാവുന്ന പേരാണ് നഷ്ടമായതെന്ന് ജയറാം പറഞ്ഞു.
ജയറാമിന്റെ വാക്കുകളിലേക്ക്..
മരണവിവരം അറിഞ്ഞ് പതിനഞ്ചു മിനിറ്റ് ആയതേയുള്ളു. വെറുതെ പല മരണവാര്‍ത്തകളും പരക്കാറുണ്ട്. അതുപോലെയാണോ എന്നാണ് ആദ്യം കരുതിയത്. അദ്ദേഹത്തിന് ആരോ?ഗ്യപ്രശ്‌നങ്ങളുണ്ടെന്ന് അറിഞ്ഞത് ഇപ്പോഴാണ്. അദ്ദേഹത്തിന്റെ സിനിമയില്‍വേഷം ചെയ്യുന്നതിനേക്കുറിച്ച് ഒരു വര്‍ഷം മുമ്പ് ചോദിച്ചിരുന്നു. സാറിന്റെയൊക്കെ സിനിമയില്‍ ഒരു സീനാണെങ്കിലും വന്നുചെയ്യൂ എന്നു പറഞ്ഞാല്‍ അപ്പോള്‍ ഓടിയെത്തും എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. അപ്പോഴും ഇത്രയ്ക്ക് ആരോഗ്യപ്രശ്‌നമുള്ളത് അറിഞ്ഞില്ല. ഒരു നടനെന്ന നിലയ്ക്ക് എനിക്ക് കിട്ടിയ വലിയ മഹാഭാഗ്യങ്ങളിലൊന്നാണ് അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ പറ്റിയത്. എനിക്കിഷ്ടപ്പെട്ട ചെണ്ട എന്ന വാദ്യോപകരണത്തിന്റെ പേരില്‍ അറിയപ്പെട്ട, ഏറ്റവും വലിയ കലാകാരനായിരുന്ന തൃത്താല കേശവപ്പൊതുവാളിന്റെ ജീവിതം സിനിമയാക്കാനും അദ്ദേഹത്തിന്റെ വേഷം ചെയ്യാനും സ്വപാനം എന്ന ചിത്രത്തിലൂടെ സാധിച്ചു. കേശവേട്ടന്റേതായിട്ടുള്ള അധികം വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. എന്നിട്ടും പലയിടങ്ങളില്‍ നിന്നായി ഓരോ വിവരങ്ങളും ശേഖരിച്ച് രൂപവും പെരുമാറ്റവുമൊക്കെ എനിക്ക് സൂക്ഷ്മമായി പറഞ്ഞുതന്നിരുന്നു. എല്ലാ വാദ്യോപകരണങ്ങളേക്കുറിച്ചും അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. മറ്റു ഭാഷകളില്‍ ചെല്ലുമ്പോള്‍ അഹങ്കാരത്തോടെ പറയാവുന്ന പേരാണ് നഷ്ടമായത്. ലോകോത്തര നിലവാരത്തില്‍ മലയാളത്തേക്കൊണ്ടെത്തിച്ച വ്യക്തിത്വമാണ് അദ്ദേഹം.