2026 ല്‍ എന്‍ ഡി എ മുന്നണി കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് ആര്‍പിഐ (അത്വാവാല) ദേശീയ സെക്രട്ടറി ജനറല്‍ ഡോ: രാജീവ് മേനോന്‍; സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാംപയിന് തുടക്കം; ആര്‍ സി രാജീവ്ദാസ് കേരള വര്‍ക്കിങ് പ്രസിഡന്റ്

Update: 2025-04-29 04:04 GMT

എറണാകുളം: കേരളം എന്‍.ഡി.എ മുന്നണിയ്ക്ക് അനുകൂലമാണെന്നും 2026 ല്‍ എന്‍ ഡി എ മുന്നണി കേരളത്തില്‍ അധികാരത്തിലെത്തുമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(അത്വാവാല) ദേശീയ സെക്രട്ടറി ജനറല്‍ ഡോ: രാജീവ് മേനോന്‍ പറഞ്ഞു. എറണാകുളത്ത് ആര്‍ പി ഐ (അത്വാവാല) സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ കേരള വര്‍ക്കിങ് പ്രസിഡന്റായി ആര്‍ സി രാജീവ്ദാസിനെ യോഗത്തില്‍ തെരഞ്ഞെടുത്തു.

ആലുവ ഫ്‌ലോറാ റസിഡന്‍സിയിലാണ് ദേശീയതലത്തിലെ തന്നെ പാര്‍ട്ടിയുടെ ആദ്യത്തെ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ നടന്നത്. ആദ്യ മെമ്പര്‍ഷിപ്പ് ആര്‍ പി ഐ ദേശീയ സെക്രട്ടറി ജനറല്‍ ഡോ രാജീവ് മേനോന്‍, പ്രമുഖ ആര്‍കിടെക്കും ദേശീയ കൗണ്‍സില്‍ അംഗവുമായ നജീബിന് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് ആര്‍.സി രാജീവ് ദാസ് അദ്ധ്യക്ഷത വഹിച്ചു. രാജ്യത്ത് ആകമാനം മൂന്ന് കോടി ആളുകള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി പാര്‍ട്ടിയുടെ ഭാഗമാക്കുമെന്നും കേരളത്തില്‍ പത്ത് ലക്ഷം ആളുകള്‍ക്ക് അംഗത്വം നല്‍കി പാര്‍ട്ടിയുടെ ഭാഗമാക്കുമെന്നും ഡോ രാജീവ് മേനോന്‍ പറഞ്ഞു.

മാധ്യമ മേഖലയിലും പൊതുപ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായിരുന്ന ആര്‍ സി രാജീവ് ദാസിനെ വര്‍ക്കിങ് പ്രസിഡന്റാക്കിയത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് ആര്‍ പി ഐ ദേശീയ സെക്രട്ടറി ജനറല്‍ രാജീവ് മേനോന്‍ പറഞ്ഞു. മാധ്യമ രംഗത്ത് സജീവമായിരുന്ന സമയത്താണ് രാഷ്ട്രീയ രംഗത്തേക്കുള്ള ആര്‍ സി രാജീവ് ദാസിന്റെ കടന്നുവരവ്. പാര്‍ട്ടിയുടെ സംഘടനാ സെക്രട്ടറിയായാണ് അദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് സ്റ്റേറ്റ് കണ്‍വീനറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

യോഗത്തില്‍ സുധീഷ് നായര്‍. വി.പി.സന്തോഷ്, ശരീഫ് ബാബു, സുനില്‍, ദേശീയ കൗണ്‍സില്‍ അംഗവും ആര്‍ക്കിടെക്കുമായ നജീബ്, റജീ കേശവന്‍ നായര്‍, പ്രവീണ്‍ കോഴിക്കോട്, മനോഹരന്‍, അടൂര്‍ രാജേഷ്, അഡ്വ പ്രമീള എന്നിവര്‍ സംസാരിച്ചു.

Similar News