തസ്ലീമയെ ആറ് വര്‍ഷമായി പരിചയമുണ്ടെന്നും എന്നാല്‍ ലഹരി ഇടപാടുകള്‍ ഇല്ലെന്നും ജോഷി; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികരണവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

Update: 2025-04-29 08:12 GMT

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യലിന് പിന്നാലെ പ്രതികരണവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോഷി. കേസിലെ പ്രതി തസ്ലീമയെ ആറ് വര്‍ഷമായി പരിചയമുണ്ടെന്നും എന്നാല്‍ ലഹരി ഇടപാടുകള്‍ ഇല്ലെന്നും ജോഷി പറഞ്ഞു. പലപ്പോഴും ഭക്ഷണം കഴിക്കാനും മറ്റുമായി ചെറിയ തുകകള്‍ ആവശ്യപ്പെട്ട സമയത്ത് നല്‍കിയിട്ടുണ്ട്, എന്നാല്‍ ലഹരി ഇടപാടുകള്‍ക്ക് പണം നല്‍കിയിട്ടില്ല. തന്നെ വിളിച്ചുവരുത്തിയത് സാമ്പത്തിക ഇടപാടുകളെ കുറിച്ച് വ്യക്തത വരുത്താനാണെന്നും നിലവില്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ച നടന്മാരെയും തനിക്കറിയാമെന്നും ജോഷി പറഞ്ഞു. എന്നാല്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ച മോഡല്‍ സൗമ്യയെ തനിക്കറിയില്ലെന്നും ജോഷി വ്യക്തമാക്കി.

കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ സൗമ്യ എന്നിവരെ കഴിഞ്ഞ ദിവസം എക്‌സൈസ് ചോദ്യം ചെയ്തിരുന്നു. ജോഷിയെ ഇന്നാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായുള്ള ബന്ധമെന്താണെന്നാണ് എക്‌സൈസ് ചോദിച്ചതെന്ന് ചോദ്യം ചെയ്യലിന് പിന്നാലെ സൗമ്യ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Similar News