മാനന്തവാടിയില്‍ കര്‍ണാടക ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കര്‍ണാടക ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Update: 2025-04-29 13:09 GMT

വയനാട് മാനന്തവാടി കാട്ടിക്കുളം 54-ല്‍ കര്‍ണാടക ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. 38 പേര്‍ക്ക് പരുക്കേറ്റു. ഒന്നേ മുക്കാല്‍ മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ ബസില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ പുറത്തെടുത്തു.

വൈകുന്നേരം നാലുമണിക്കാണ് അപകടം. മൈസൂരിലേക്ക് പോവുകയായിരുന്ന കര്‍ണാടക എസ് ആര്‍ ടി സി ബസ്സും ബാവലി'യിലേക്ക് വന്ന ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടു ബസുകളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു.ടൂറിസ്റ്റ് ബസ്സിന്റെ മുന്‍വശത്ത് ഡ്രൈവര്‍ കുടുങ്ങി.രണ്ടു കാലുകളും കുടുങ്ങിയ ഡ്രൈവറെ 1:45 മണിക്കൂര്‍ പരിശ്രമത്തിനോടുവില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് പുറത്തെടുത്തു.

ഇത്രയധികം സമയം കുടുങ്ങിയത് കൊണ്ട് മാനന്തവാടി മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘവും ഡ്രൈവറെ പരിശോധിക്കാന്‍ എത്തിയിരുന്നു. 38 പേര്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരുക്ക് ഗുരുതരമല്ല.ടൂറിസ്റ്റ് ബസ്സില്‍ ഉണ്ടായിരുന്നത് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളാണ്.കര്‍ണാടക കെഎസ്ആര്‍ടിസി ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മാനന്തവാടി മൈസൂര്‍ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

Similar News