പെട്രോള്‍ അടിച്ചുകഴിഞ്ഞ് കൈയില്‍ പൈസയില്ലെന്ന് പറഞ്ഞു; ചോദ്യംചെയ്തതോടെ യുവാക്കള്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരെ മര്‍ദിച്ചു; ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം
കായംകുളത്ത് പെട്രോള്‍ പമ്പില്‍ ആക്രമണം
ആലപ്പുഴ: കായംകുളത്ത് പെട്രോള്‍ പമ്പില്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ഇന്ധനം നിറയ്ക്കാനെത്തിയ യുവാക്കള്‍ ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. പെട്രോള്‍ അടിച്ച ശേഷം പണം ചോദിച്ചതില്‍ പ്രകോപിതരായാണ് മര്‍ദ്ദിച്ചത്. പ്രദേശത്തുള്ള ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ആക്രമണം നടത്തിയ യുവാക്കള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടായിരുന്നതായി സംശയമുള്ളതായി പമ്പിലെ തൊഴിലാളികള്‍ അറിയിച്ചതായി പമ്പുടമ പറയുന്നു. അമ്പത് രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ പറഞ്ഞാണ് യുവാക്കള്‍ പമ്പിലെത്തിയത്. എന്നാല്‍ പെട്രോള്‍ അടിച്ചുകഴിഞ്ഞ് കൈയില്‍ പൈസയില്ല എന്ന് പറഞ്ഞു. ഇത് ചോദ്യംചെയ്തതോടെ യുവാക്കള്‍ അക്രമാസക്തരായി പമ്പിലുണ്ടായിരുന്ന ജീവനക്കാരെയെല്ലാം മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും സ്ഥലത്തെ ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.