കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്ക് പറ്റിയ യുവാവിന് അടിയന്തിര വൈദ്യസഹായം എത്തിച്ചു; ജീവന്‍ രക്ഷിച്ച 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് ആദരം
പാലക്കാട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്ക് പറ്റിയ യുവാവിന് അടിയന്തിര വൈദ്യസഹായം എത്തിച്ച് ജീവന്‍ രക്ഷിച്ച 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് ആദരം. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സ് പൈലറ്റ് ലിനേഷ് കെ.എം, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ എബി എബ്രഹാം എന്നിവരെയാണ് ആദരിച്ചത്.
ഹൈദരാബാദ് താജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കനിവ് 108 ആംബുലന്‍സ് നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആര്‍.ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് ചെയര്‍മാന്‍ പദ്മഭൂഷണ്‍ ഡോ. ജി.വി.കെ റെഡ്ഢി ഇരുവര്‍ക്കും ക്യാഷ് അവാര്‍ഡ്, മൊമെന്റോ, മെഡലുകള്‍ എന്നിവ നല്‍കി ആദരിച്ചു. ഇ.എം.ആര്‍.ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ കെ. കൃഷ്ണം രാജു ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഓരോ മാസവും ദേശീയതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന 108 ആംബുലന്‍സ് ജീവനക്കാരില്‍ തിരഞ്ഞെടുക്കുന്ന ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ആദരവ് നല്‍കി വരുന്നതായി ഇ.എം.ആര്‍.ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് അധികൃതര്‍ അറിയിച്ചു.
2024 ഒക്ടോബര്‍ 13നു ഉച്ചയ്ക്ക് രണ്ടരയോടെ പാലക്കാട് വട്ടലക്കി കള്ളക്കര തോടിനരികിലാണ് കേസിനാസ്പദമായ സംഭവം. വിറക്ക് ശേഖരിക്കാന്‍ പോയ കള്ളക്കര ഊരില്‍ വെള്ളിങ്കിരിക്കാണ് (37) കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഇടതുകാലിനും തലയ്ക്കും സാരമായി പരിക്കേറ്റത്. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഉടന്‍ അത്യാഹിത സന്ദേശം കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. തുടര്‍ന്ന് ആംബുലന്‍സ് പൈലറ്റ് ലിനേഷ് കെ.എം, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ എബി എബ്രഹാം എന്നിവര്‍ സ്ഥലത്തെത്തി യുവാവിന് വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.