കോവിഡ് ബാധിതയ്ക്ക് ഇന്‍ഷുറന്‍സ് തടഞ്ഞ സംഭവം; കമ്പനി 2.5 ലക്ഷം രൂപ നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്
കമ്പനി 2.5 ലക്ഷം രൂപ നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്
മലപ്പുറം: കോവിഡ് രോഗ ബാധിതയ്ക്ക് ഇന്‍ഷുറന്‍സ് തുക തടഞ്ഞ സംഭവത്തില്‍ 2.5 ലക്ഷം രൂപയും കോടതി ചെലവും നല്‍കണമെന്ന് ഉപഭോക്തൃ കമീഷന്‍ ഉത്തരവിട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ 108 ആമ്പുലന്‍സില്‍ നഴ്‌സായിരുന്ന ഇല്ലിക്കല്‍ പുറക്കാടി സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്‍ ഉത്തരവിട്ടത്. ഇല്ലിക്കല്‍ പുറക്കാട് സ്വദേശി ജോസ്നാ മാത്യു ജോലിയിലിരിക്കെ കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരുന്നു. ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷം പതിനഞ്ചു ദിവസം മുട്ടിപ്പാലത്തുള്ള കോവിഡ് സെന്റെറില്‍ ക്വാറന്‍ന്റയിനിലുമായിരുന്നു.
ജോസ്‌നാ കോറോണാ രക്ഷക് പോളിസി പ്രകാരം ഇന്‍ഷുറന്‍സ് സംഖ്യയായ 2.5 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഇന്‍ഷ്യുറന്‍സ് കമ്പനി അനുവദിച്ചില്ല. തുടര്‍ന്നാണ് ഉപഭോക്തൃ കമീഷനില്‍ പരാതി നല്‍കിയത്. ഇഫ്കോ ടോക്കിയോ ജനറല്‍ ഇന്‍ഷ്യുറന്‍സ് കമ്പനിക്കെതിരായാണ് പരാതി നല്‍കിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികില്‍സിക്കേണ്ട സാഹചര്യം പരാതിക്കാരിക്ക് ഉണ്ടായിരുന്നില്ല എന്നും അതിനാല്‍ ഇന്‍ഷ്യുറന്‍സ് അനുവദിക്കില്ലെന്നുമാണ് കമ്പനി വാദിച്ചത്.
എന്നാല്‍ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് നിഷേധിച്ച നടപടി ശരിയല്ലെന്നും ഇന്‍ഷുറന്‍സ് തുകയായ 2.5 ലക്ഷവും കോടതി ചെലവായി 5000 രൂപയും ഒരു മാസത്തിനകം പരാതിക്കാരിക്ക് നല്‍കണമെന്നും കമ്മീഷന്‍ വിധിച്ചു. വീഴ്ചവന്നാല്‍ ഒമ്പത് ശതമാനം പലിശയും വിധിയായ തീയതി മുതല്‍ നല്‍കേണ്ടിവരുമെന്ന് കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ കമീഷന്റെ ഉത്തരവില്‍ പറഞ്ഞു.