വെടിക്കെട്ട് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ ബുദ്ധിമുട്ടാണ്; ജനങ്ങളുടെ സുരക്ഷ സുപ്രധാനം; ഇത്തവണ തൃശൂര്‍ പൂരം കുറ്റമറ്റ രീതിയില്‍ നടക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി
വെടിക്കെട്ട് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ ബുദ്ധിമുട്ടാണ്
തൃശൂര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ വര്‍ഷത്തെ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളിലൂടെ പാഠം പഠിച്ചെന്നും ഇത്തവണ പൂരം കുറ്റമറ്റ രീതിയില്‍ നടക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
കൂടുതല്‍ പേര്‍ക്കു ഇത്തവണ വെടിക്കെട്ട് കാണാന്‍ സൗകര്യം ഒരുക്കാമായിരുന്നെങ്കിലും സാഹചര്യങ്ങള്‍ അനകൂലമായില്ല. പൂരം കാണാന്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്ന രീതിയില്‍ സൗകര്യം ഒരുക്കുന്നതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കാനിരിക്കെയാണ് കഴിഞ്ഞ മാസം ഗുജറാത്തില്‍ പടക്ക നിര്‍മാണശാലയില്‍ വെടിക്കെട്ട് അപകടമുണ്ടാകുന്നത്. ഈ ഒരു സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ ബുദ്ധിമുട്ടാണ്. സര്‍ക്കാരും നിയമങ്ങളും ഭേദഗതികളും ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ളതാണ്. അല്ലാതെ, വേറൊന്നും ഉദ്ദേശിച്ചല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പുതിയ അവസ്ഥകളുടെ പശ്ചാത്തലത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കും. മന്ത്രിമാര്‍ പറഞ്ഞ കാര്യങ്ങള്‍ ബോധ്യപ്പെട്ടു. അവലോകനയോഗം തൃപ്തികരമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. പൂരം നന്നായി നടക്കണം. ചില മാറ്റങ്ങള്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകും ഭക്തജനങ്ങളും ആസ്വാദകരും സഹകരിച്ച് നല്ല അച്ചടക്കത്തോടെ ഈ പൂരം കൊണ്ടുപോകാന്‍ സാധിച്ചാല്‍ വരും കൊല്ലം കൂടുതല്‍ ഇളവുകള്‍ നേടാന്‍ സാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.