ബോധിഗ്രാം-ബി ആര്‍ പി പ്രഥമ മാധ്യമ പുരസ്‌കാരം മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം ബി ബാബുവിന്
തിരുവനന്തപുരം:പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍. പി. ഭാസ്‌കറിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ ബോധിഗ്രാം-ബി ആര്‍ പി മാധ്യമപുരസ്‌കാരം മാതൃഭൂമി തൃശൂര്‍ യൂണിറ്റ് സീനിയര്‍ റിപ്പോര്‍ട്ടര്‍ എം ബി ബാബുവിന്.2024 ഡിസംബര്‍ ഒന്നിലെ മാതൃഭൂമി വാരാന്ത്യ റിപ്പോര്‍ട്ട്, ഡിസംബര്‍ രണ്ട്,14 തിയതികളിലെ തുടര്‍ റിപ്പോര്‍ട്ടുമാണ് പുരസ്‌കാരത്തിന് അര്‍ഹമായാത്.
ദി ടെലിഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍ രാജഗോപാല്‍ ചെയര്‍പേഴ്‌സണും ഡോ.ജെ. ദേവിക, എസ് ആര്‍ സഞ്ജീവ്, ജെ. എസ്. ഇന്ദുകുമാര്‍ എന്നിവര്‍ അംഗങ്ങളായ ജഡ്ജിങ് കമ്മിറ്റിയാണ് ഏകകണ്ഠമായി തിരഞ്ഞെടുത്തത്. 'ആരുണ്ട് ഞങ്ങള്‍ക്ക്?' എന്ന തലക്കെട്ടോടെ, മകള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒരു അമ്മയുടെയും മകളുടെയും പോരാട്ടത്തെക്കുറിച്ചായിരുന്നു റിപ്പോര്‍ട്ട്. സെന്‍സേഷണലിസത്തില്‍ നിന്നും കുടുംബത്തിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ മുന്‍കരുതലെടുത്ത റിപ്പോര്‍ട്ടായിരുന്നു. പത്രപ്രവര്‍ത്തനത്തില്‍ ലേഖകന്റെ ജാഗ്രതയും പ്രതിബദ്ധതയുമായിരുന്നു റിപ്പോര്‍ട്ട്.
ബി ആര്‍ പിയെപ്പോലെ പ്രശസ്തനായ ഒരു പത്രപ്രവര്‍ത്തകന്റെ പേരിലാണ് അവാര്‍ഡ് എന്നതിനാല്‍ നിലവാരമില്ലാത്ത ഏതൊരു എന്‍ട്രിക്കും അവാര്‍ഡ് നല്‍കുന്നത് ബി ആര്‍ പിയുടെ ഓര്‍മ്മകള്‍ക്ക് നീതി നല്‍കുന്നതല്ലെന്ന് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു.അതിനാല്‍, ഈ വര്‍ഷം ദൃശ്യമാധ്യമ വിഭാഗത്തില്‍ ആരെയും തിരഞ്ഞെടുത്തിട്ടില്ല. ഭാസ്‌കര്‍ ഫൗണ്ടേഷന്‍ നല്‍കുന്ന 25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ബി ആര്‍ പിയുടെ ഒന്നാം ചരമവാര്‍ഷികദിനമായ ജൂണ്‍ നാലിന് തിരുവനന്തപുരത്ത് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രമുഖ ഗാന്ധിമാര്‍ഗപ്രവര്‍ത്തകന്‍ പി.വി.രാജഗോപാല്‍ അവാര്‍ഡ് നല്‍കും. അടുത്ത വര്‍ഷം മുതല്‍ ദൃശ്യമാധ്യമ അവാര്‍ഡ്- മനുഷ്യാവകാശ മാധ്യമപ്രവര്‍ത്തന വാര്‍ത്തകള്‍ ദേശീയതലത്തില്‍കൂടി എന്‍ട്രികള്‍ ക്ഷണിച്ചായിരിക്കും അവാര്‍ഡ് നല്‍കുന്നതെന്ന് ബോധിഗ്രാം-ബി ആര്‍ പി മാധ്യമപുരസ്‌കാര സമിതി ചെയര്‍പേഴ്‌സണ്‍ ജെ എസ് അടൂര്‍, സെക്രട്ടറി അനില്‍കുമാര്‍ പി വൈ എന്നിവര്‍ അറിയിച്ചു.