കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയിലെ പിഴവ്; സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍; റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം

കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയിലെ പിഴവ് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിക്കണം

Update: 2025-05-20 14:20 GMT

തിരുവനന്തപുരം: ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയിലായെന്ന പരാതി സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം.


ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്ക് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം ലൈസന്‍സുണ്ടോ എന്നും ആശുപത്രിയുടെ ഉടമസ്ഥന്‍ ആരെന്നും അവരുടെ പങ്കും അന്വേഷിക്കണം. കോസ്മറ്റിക് സര്‍ജറി നടത്താന്‍ ആരോപണ വിധേയരായ ഡോക്ടര്‍ക്ക് യോഗ്യതയുണ്ടോ എന്നന്വേഷിക്കണം. യുവതിയുടെ മൊഴിയും മെഡിക്കല്‍ റെക്കോര്‍ഡും കമ്മീഷനില്‍ സമര്‍പ്പിക്കണം.


പരാതി സംബന്ധിച്ച് ഡി.എം.ഒ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ ഇക്കാര്യം പരിശോധിച്ച് ആവശ്യമെങ്കില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.

യുവതി ചികിത്സ തേടിയ ആശുപത്രികളിലെ മുഴുവന്‍ രേഖകളും മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണം. ചികിത്സിച്ച ഡോക്ടര്‍മാരുടെയും രോഗിയുടെയും വിശദമായ മൊഴി രേഖപ്പെടുത്തണം. ചികിത്സാ പിഴവുണ്ടായെങ്കില്‍ അക്കാര്യം കമ്മീഷനില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കണം. റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം.

ജില്ലാ പോലീസ് മേധാവിക്ക് കേസിന്റെ അന്വേഷണത്തിന് വിദഗ്ദ്ധ ഉപദേശം ആവശ്യമുണ്ടെങ്കില്‍ അത് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നടപടിയെടുക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് , സാക്ഷിമൊഴികള്‍, ആശുപത്രി രേഖകള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നും ഡി.എച്ച്. എസിന് നിര്‍ദ്ദേശം നല്‍കി. രോഗിയുടെ ഭര്‍ത്താവ് പി. പത്മജിത്ത് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

അരശുംമൂടില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്ലിനിക്കില്‍ നിന്നാണ് ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മറ്റൊരു സ്വകാര്യാശുപത്രിയില്‍ 22 ദിവസം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News