വേടന്റെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും നഗരസഭയ്ക്ക് നഷ്ടം ഒന്നരലക്ഷത്തിലധികം രൂപ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് പട്ടികജാതി വികസന വകുപ്പിന് നോട്ടീസ് അയച്ച് നഗരസഭ

Update: 2025-05-20 14:18 GMT

പാലക്കാട്: പാലക്കാട് കോട്ടമൈതാനത്ത് നടന്ന പ്രശസ്ത സംഗീതജ്ഞന്‍ ഹിരണ്‍ദാസ് മുരളി (വേടന്‍) നയിച്ച പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും നഗരസഭക്ക് 1,75,552 രൂപയുടെ നാശനഷ്ടമുണ്ടായതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിപാടിയുടെ പ്രാഥമിക സംഘാടകരായ പട്ടികജാതി വികസന വകുപ്പിന് നഗരസഭ നോട്ടീസ് അയച്ചിട്ടുണ്ട്. തുക അടച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. നാശനഷ്ടം സംബന്ധിച്ച വിവരങ്ങളോടൊപ്പം നഗരസഭ പാലക്കാട് സൗത്ത് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പരിപാടിക്കിടെ ഇരിപ്പിടങ്ങളും വേസ്റ്റ് ബിനുകളും നശിപ്പിക്കപ്പെട്ടുവെന്നാണ് പരാതി. ആളുകളുടെ അനിയന്ത്രിതമായ ഒഴുക്കാണ് പ്രധാനമായും നാശത്തിന് കാരണമായതെന്നും അധികൃതര്‍ വ്യക്തമാക്കി. വലിയ ജനപങ്കാളിത്തം കൊണ്ടാണ് ഇത്തരം അവസ്ഥ ഉണ്ടാകുന്നതെന്നും ഭാവിയില്‍ ഇത്തരം പരിപാടികള്‍ നിയന്ത്രിതമായി നടത്തേണ്ടതുണ്ടെന്നുമാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.

Tags:    

Similar News